Kerala
അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതി; സിബി മാത്യൂസിനെതിരെ കേസ് നിലനില്‍ക്കുമെന്ന പരാമര്‍ശത്തിന് സ്റ്റേ
മുന്‍ പോലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി| സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സിംഗിള്‍ ബെഞ്ച് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സിബി മാത്യൂസിനെതിരെ കേസ് എടുത്തതായി സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിബി മാത്യൂസ് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും മാതാപിതാക്കളുടെ പേര്, താമസസ്ഥലം, അതിജീവിത പഠിച്ച സ്‌കൂളിന്റെ പേര് എന്നിവ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിജീവിത ആരാണെന്ന് തിരിച്ചറിയാനാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.