Connect with us

Kerala

ജയിലുകളില്‍ വ്രതം അനുഷ്ഠിക്കാന്‍ സൗകര്യമില്ലെന്ന് പരാതി

ശിവശങ്കറിന് ജയിലില്‍ പ്രത്യേക പരിഗണനയെന്നും ജയിലിലായിരുന്ന കോൺഗ്രസ്സ് നേതാവിന്റെ പരാതി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ ജയിലുകളില്‍ റമസാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്കുള്ള സൗകര്യങ്ങളില്ലെന്ന് പരാതി. ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്നുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി രണ്ടാഴ്ചയോളം ജയിലില്‍ കിടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പുലര്‍ച്ചെ അഞ്ച് മണിയോടെ അത്താഴം കഴിച്ച ശേഷമാണ് റമസാന്‍ വ്രതം ആരംഭിക്കുന്നത്. എന്നാല്‍, നോമ്പ് പിടിക്കുന്നവര്‍ക്ക് ഈ സമയത്ത് ഭക്ഷണം ലഭ്യമാക്കാനുള്ള ഒരു സൗകര്യവും നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ലഭ്യമല്ല. വൈകിട്ട് നോമ്പ് തുറക്കാനും സൗകര്യങ്ങളില്ല.

ബ്രഹ്മപുരം സമരവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം താനടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലയളവിലാണ് സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനം ശ്രദ്ധയില്‍ പെട്ടത്.

അതേസമയം, ലൈഫ് മിഷന്‍ കേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന ശിവശങ്കറിന് ജയിലിനുള്ളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. പ്രത്യേക ബ്ലോക്ക്, സെല്‍, ഭക്ഷണം, സ്വൈരവിഹാരം തുടങ്ങി എല്ലാ സ്വാതന്ത്ര്യത്തോടെയുമാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. ഇത് സ്വജന പക്ഷപാതവും ജയില്‍ ചട്ടങ്ങളുടെ ലംഘനവുമാണ്. ഈ വസ്തുത അന്വേഷിച്ച് ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജയിലുകളില്‍ റമസാന്‍ വ്രതാചരണത്തിന് സൗകര്യം ഏര്‍പ്പെടുത്തമെന്നും പരാതിയില്‍ പറയുന്നു.