swapnasuresh
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചന സംശയിക്കുന്നതായി പോലീസില്‍ പരാതി
സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്.
തളിപ്പറമ്പ് | മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ
സര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന കുടിലമായ ആരോപണങ്ങള്‍ക്കു പിന്നില്‍ ചില സാമൂഹിക വിരുദ്ധ ശക്തികളുടെ വന്‍ ഗൂഢാലോചന സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി.
സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. സ്വപ്‌ന സുരേഷിനും തളിപ്പറമ്പ് കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണു പരാതി.
സ്വപ്ന സുരേഷ് ഫേയ്സ് ബുക്ക് ലൈവിലൂടെ അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാതികള്‍ പിന്‍വലിക്കാന്‍ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇതനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.
സത്യവിരുദ്ധവും കുടിലവുമായ ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. ഈ ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.