Connect with us

Kannur

കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് പരാതി

എന്‍ ഒ സി ലഭിക്കാൻ കൈക്കൂലി നല്‍കിയെന്ന് ഉടമ ടി വി പ്രശാന്തന്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചേരന്മൂലയിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്നാണ് പരാതിയിലെ ആവശ്യം

Published

|

Last Updated

തിരുവനന്തപുരം | എന്‍ ഒ സി ലഭിക്കാൻ കൈക്കൂലി നല്‍കിയെന്ന് ഉടമ ടി വി പ്രശാന്തന്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചേരന്മൂലയിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് പരാതി നൽകി. എ ഐ സി സി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ. ബി എസ് ഷിജുവാണ് പരാതി നൽകിയത്. മ കത്ത് നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബി പി സി എല്‍. സി എം ഡി ജി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും അദ്ദേഹം കത്തയച്ചു.

കൈക്കൂലി നല്‍കുന്നതും സ്വീകരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ കേരള മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിലാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ഈ കത്ത് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.

എ.ഡി.എം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ 98,500 രൂപ നല്‍കിയെന്നും അതിനുശേഷം ഉടന്‍ തന്നെ എൻ ഒ സി നല്‍കിയെന്നുമാണ് പ്രശാന്തന്‍ കത്തില്‍ പറയുന്നത്. പ്രശാന്തന്റെ പരാതിയുടെ പൊതുസ്വഭാവം അലോട്ട്മെന്റ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ എത്രയും വേഗം അലോട്ട്‌മെന്റ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

Latest