National
സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കും: മഹാരാഷ്ട്ര മന്ത്രി
സംസ്ഥാന സര്‍ക്കാര്‍ സമീര്‍ വാങ്കഡെയെ ലക്ഷ്യമിടുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് പ്രവീണ്‍ ധരേക്കര്‍ രംഗത്തെത്തി.
മുംബൈ| എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ജോലി ലഭിക്കാനായി ജാതി സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്ന ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ. മറ്റൊരു മന്ത്രിയായ നവാബ് മാലിക്കാണ് വാങ്കഡെക്കെതിരെ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. വാങ്കഡെ മുസ്ലിമാണെന്നും പട്ടികജാതി വിഭാഗത്തില്‍ സംവരണം ലഭിക്കാന്‍ ജാതി തിരുത്തുകയായിരുന്നു എന്നാണ് ആരോപണം.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സമീര്‍ വാങ്കഡെയെ ലക്ഷ്യമിടുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് പ്രവീണ്‍ ധരേക്കര്‍ രംഗത്തെത്തി. ആരെങ്കിലും പരാതി ഉന്നയിക്കുകയാണെങ്കില്‍ അന്വേഷണം നടത്താനുള്ള അധികാരം സാമൂഹിക നീതി വകുപ്പിനുണ്ട്. എന്നാല്‍, വാങ്കഡെയെ ലക്ഷ്യമിടുക മാത്രമാണ് സര്‍ക്കാറിന്റെ അജണ്ടയെന്നും പ്രവീണ്‍ പറഞ്ഞു. വാങ്കഡെ ബി.ജെ.പി പ്രവര്‍ത്തകനോ ഏതെങ്കിലും നേതാവിന്റെ ബന്ധുവോ അല്ല. ലഹരി മാഫിയക്കെതിരെ നടപടിയെടുത്തതിന് ഒരു ഉദ്യോഗസ്ഥനെ ലക്ഷ്യമിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രവീണ്‍ ധരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജാതിസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വാങ്കഡെക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ജോലി സംവരണം ലഭിക്കാന്‍ സമീര്‍ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി അഭിഭാഷകനായ ജയേഷ് വാനിയാണ് മുംബൈ പോലീസിന് വ്യാഴാഴ്ച പരാതി നല്‍കിയത്. ഇതോടെ കൈക്കൂലി കേസ് ഉള്‍പ്പെടെ വാങ്കഡെയ്ക്കെതിരെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. സമീറിനെതിരെ നാല് മറ്റ് പരാതികളുള്ളതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നേരത്തെ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.