National
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ പരാതി; നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രം തിരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്തെന്ന ഇന്‍ഡ്യ മുന്നണിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശത്തിന്റെ കരട് ഉടന്‍ തയ്യാറാക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും തിരഞ്ഞെടുപ്പ് കാലത്ത് പക്ഷാപാതങ്ങളില്ലാതെ പ്രവര്‍ത്തിക്കണമെന്നാണ്.
പോലീസ് പോലുള്ള നീതിന്യായ മേഖലകളില്‍ സ്ഥലംമാറ്റമടക്കമുള്ള നടപടികള്‍ സ്വീകരിച്ച് ഫ്രീ ആന്റ് ഫെയര്‍ തിരഞ്ഞെടുപ്പ് രീതികളാണ് ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇ.ഡി അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കാറില്ല. ഇത് കേന്ദ്രസര്‍ക്കാര്‍ ദുരപയോഗപ്പെടുത്തുന്നു എന്നാണ് ഇന്‍ഡ്യ മുന്നണിയുടെ ആരോപണം.
ഇതിന് ഉദാഹരണമായി ഇന്‍ഡ്യ മുന്നണി ചൂണ്ടിക്കാണിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാറിനും വ്യക്തമായ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണമെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.