Kerala
ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കേരളത്തില്‍ നിന്ന് ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം
പരാതിക്ക് പിന്നില്‍ സുധാകരന്‍ അനുകൂലികളെന്ന് ഗ്രൂപ്പുകള്‍; ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ കേരളത്തില്‍ നിന്ന്് പ്രവര്‍ത്തകരുടെ കൂട്ടപരാതി. സോണിയാ ഗാന്ധിക്ക് കത്തുകളായും ഇ മെയിലുകളായുമാണ് പരാതി ലഭിക്കുന്നത്. ഇരുവരുടെയും നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണ്. പുന:സംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാര്‍ സോണിയയോടും ഹൈക്കമാന്‍ഡിനോടും ആവശ്യപ്പെടുന്നു. ഇരു നേതാക്കളും തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയുള്ള വില പേശലാണെന്നും കത്തില്‍ പറയുന്നു.
പുന:സംഘടന നിര്‍ത്തിവെക്കണമെന്നതടക്കം സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങള്‍ ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയെ കണ്ട് സംസാരിച്ച പശ്ചാത്തലത്തിലാണ് പരാതികള്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ ഒന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയില്ല. കേരളത്തിലേയും ആന്ധ്രയിലേയും കാര്യങ്ങള്‍ സോണിയയുമായി സംസാരിച്ചെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സോണിയക്ക് ഉമ്മന്‍ചാണ്ടി പരാതികളടങ്ങിയ കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും. കെ സുധാകരനെ അനുകൂലിക്കുന്നവരാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരായ പരാതിക്ക് പിന്നിലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഇത് ഒരു സമ്മര്‍ദ തന്ത്രമാണെന്നും ഇവര്‍ വിലയിരുത്തന്നു. ചര്‍ച്ചയും പുനഃസംഘടനയും ഒരുമിച്ച് പറ്റില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ പുനഃസംഘടനില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഭാരവാഹി നിയമനം നടത്താമെന്ന് സതീശന്‍ ഇന്ന് പറഞ്ഞിരുന്നു.