Kerala
യുവാക്കളെ പരിഗണിക്കുന്നില്ലെന്ന പരാതി; നിരവധി യുവാക്കളെ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി
യൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളില്‍ നേരത്തെ ഭാരവാഹികളായിരുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ പുതിയ ചുമതല നല്‍കിയത്
തിരുവനന്തപുരം | യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനായി കോണ്‍ഗ്രസ്സില്‍ അടിയന്തിര നടപടി. ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പ് അടുത്തൊന്നും നടക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് യുവാക്കളെ വിവിധ സ്ഥാനങ്ങളില്‍ നിയമിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളില്‍ നേരത്തെ ഭാരവാഹികളായിരുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ പുതിയ ചുമതല നല്‍കിയത്. ഷാഫി പറമ്പില്‍ എം പി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവര്‍ക്കാണ് പുതിയ ചുമതല നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റുമാരായാണ് ഇവരെ നിയമിക്കുന്നത്. ഡീന്‍ കുര്യാക്കോസിന്റെ കാലത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. ഡി സി സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളാണ് ഇവര്‍ക്ക് നല്‍കിയത്.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളിലൂടെ എസ് എഫ് ഐ, ഡി വൈ എഫ് ഐ മുന്‍ ഭാരവാഹികളായിരുന്ന നിരവധി യുവാക്കള്‍ പാര്‍ട്ടി കമ്മിറ്റികളിലേക്ക് കടന്നുവന്നതും ബി ജെ പി പുനസ്സംഘടയില്‍ വലിയ തോതില്‍ യുവാക്കള്‍ക്ക് അവസരം നല്‍കിയതുമാണ് കോണ്‍ഗ്രസ്സിനെ യുവാക്കള്‍ക്കായി അടിയന്തിര തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
നേരത്തെ ഡീന്‍ കുര്യാക്കോസിന്റെ കാലത്ത് സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്നീട് പദവികളൊന്നും ലഭിച്ചിരുന്നില്ല. ഷാഫിയുടെ കാലത്തും സമാനമായ അവസ്ഥയുണ്ടായി.അവര്‍ക്കാണ് ഇപ്പോള്‍ ബ്ലോക്ക്, ഡി സി സി കമ്മിറ്റികളില്‍ നിയമനം നല്‍കിയത്. കോണ്‍ഗ്രസ് പുനസ്സംഘടനയുടെ മുന്നോടിയായും ഈ നീക്കത്തെ കാണുന്നുണ്ട്. ഡി സി സി, കെപിസിസി പുനഃസംഘടന അധികം വൈകാതെ പൂര്‍ത്തിയാക്കുമെന്നാണ് നേതൃത്വം പറയുന്നത്. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹരിക്കാനാണ് ഭാരവാഹിത്വം നല്‍കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.