Editorial
ജൈവ വളത്തിലും മായം
രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത, വിഷരഹിതമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ജൈവ കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നത്. വ്യാജ വളം നിര്‍മാണ സ്ഥാപനങ്ങളും വിതരണക്കാരും ഈ ലക്ഷ്യം അട്ടിമറിക്കുകയാണ്.
കേരളീയ കര്‍ഷക സമൂഹം ജൈവ കൃഷിയിലേക്ക് തിരിഞ്ഞതോടെ ജൈവ വളങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ വ്യാജ ജൈവ വള ലോബിയും ശക്തമായിരിക്കുകയാണ് സംസ്ഥാനത്ത്. മായം കലര്‍ന്നതാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്ന ജൈവ വളങ്ങളെന്ന പരാതി വ്യാപകമാണ്. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തരമൊരു പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വര്‍ഷത്തില്‍ വിതരണം ചെയ്ത ‘സമൃദ്ധ വള’ത്തിലെ മായത്തെക്കുറിച്ചാണ് കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തുന്നത്. പാറപ്പൊടി ചേര്‍ന്ന വളമാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നും വളത്തിലെ കാര്‍ബണ്‍-നൈട്രജന്‍ അനുപാതം ശരിയല്ലെന്നും കമ്മീഷന് പരാതി ലഭിച്ചിരുന്നു. ചില വള നിര്‍മാണ കമ്പനികളും വര്‍ഷങ്ങളായി കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി കര്‍ഷകര്‍ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയാണ് സമീപ കാലം വരെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ പോലെ കേരളത്തിലും നടന്നു വന്നിരുന്നത്. ഇത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും മണ്ണിന്റെ ഗുണമേന്മയിലും ഘടനയിലും പ്രകൃതിയിലും സൃഷ്ടിക്കുന്ന ദോഷവശങ്ങളും ബോധ്യമായതോടെയാണ് സര്‍ക്കാറുകള്‍ ജൈവകൃഷി പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും യാതൊരു ദോഷവും ചെയ്യാത്തതാണ് ജൈവ കൃഷി. മണ്ണിന്റെ ഫലപുഷ്ടി ദീര്‍ഘ കാലത്തേക്ക് നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, പരിസ്ഥിതിക്ക് ദോഷം സൃഷ്ടിക്കാത്ത വിധം കീടങ്ങളെയും രോഗബാധയെയും നിയന്ത്രിക്കുക, ജലസ്രോതസ്സുകളുടെ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക തുടങ്ങി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനവും ചെയ്യുന്നു.
ഈ ഗുണങ്ങള്‍ ലഭ്യമാകണമെങ്കില്‍ കൃഷിക്കുപയോഗിക്കുന്ന വിത്തുകളും വളങ്ങളുമെല്ലാം ഗുണമേന്മയുള്ളതും മായം കലരാത്തതുമായിരിക്കണം. ഇന്ന് പക്ഷേ ജൈവ വളമെന്ന പേരില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നവയില്‍ നല്ലൊരു പങ്കും മായം കലര്‍ന്നതും ഗുണകരമായ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിന് സഹായകമല്ലാത്തതുമാണ്. എല്ലിന്‍പൊടി, ചാണകം, ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിവയാണ് കര്‍ഷകര്‍ ജൈവ വളമായി ഉപയോഗിക്കുന്നത്. ഈര്‍ച്ചപ്പൊടിയും ചിപ്പിലിപ്പൊടിയും ചേര്‍ത്ത എല്ലുപൊടിയാണ് നിലവില്‍ വിപണിയില്‍ ലഭിക്കുന്നവയില്‍ നല്ലൊരു പങ്കും. കറുത്ത മണ്ണും മണലും കൂട്ടിക്കലര്‍ത്തിയതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചാണകപ്പൊടിയില്‍ മിക്കതും. ഇത്തരം ചാണകപ്പൊടികളുടെ ചാക്കിന് പതിവില്‍ കവിഞ്ഞ ഭാരം അനുഭവപ്പെടും. വേപ്പിന്‍ പിണ്ണാക്കില്‍ കുരുവിന്റെ തോടുകള്‍ ചേര്‍ക്കപ്പെടുന്നു. മറ്റു ജൈവ വളങ്ങളിലുമുണ്ട് മായം.
കേരളീയ കര്‍ഷകര്‍ ഉപയോഗിക്കുന്ന മുഖ്യ ജൈവ വളമാണ് ആട്ടിന്‍കാഷ്ഠം. ആട്ടിന്‍വളം നിറച്ച ചാക്കുകളുമായി നിരവധി ലോഡുകളാണ് ദിനം പ്രതി അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ചെറിയൊരു ശതമാനം മാത്രമായിരിക്കും ഇവയില്‍ ആട്ടിന്‍കാഷ്ഠം. ബാക്കിയുള്ള വസ്തുക്കള്‍ എന്താണെന്ന് ആര്‍ക്കുമറിയില്ല. തെക്കന്‍ കേരളത്തില്‍ അടുത്തിടെ പുനലൂരിലുള്ള സര്‍ക്കാര്‍ ഫാമിലെ ആട്ടിന്‍കാഷ്ഠമെന്ന പേരില്‍ ഒരു ഏജന്‍സി ആട്ടിന്‍വളം വിതരണം ചെയ്തിരുന്നു. ചാക്കില്‍ കമ്പനിയുടെ പേരോ ലേബലോ വളം വിതരണം ചെയ്യുന്ന ഏജന്‍സികളുടെ വശം ആധികാരിക രേഖകളോ ഉണ്ടായിരുന്നില്ല. തൂക്കവും വിലയും രേഖപ്പെടുത്തിയിരുന്നില്ല. രേഖകള്‍ ചോദിച്ചവരോട് കൃഷിയാവശ്യത്തിനുള്ള വളത്തിന് രേഖകളും ബില്ലും ആവശ്യമില്ലെന്നായിരുന്നു ഏജന്‍സികളുടെ മറുപടി.
കഴിഞ്ഞ മെയ് മാസത്തില്‍ കൂത്താട്ടുകുളം നഗരസഭയിലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് അട്ടിക്കിട്ട ഈ ഏജന്‍സിയുടെ ‘ആട്ടിന്‍വള’ച്ചാക്കുകള്‍ മഴപെയ്തതോടെ ചീഞ്ഞുനാറുകയും നാട്ടുകാര്‍ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ വരികയും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിയെത്തുകയും ചെയ്തു. പോലീസ് ഏജന്‍സിയുടെ ആളുകളെ ചോദ്യം ചെയ്തപ്പോള്‍, ആട്ടിന്‍കാഷ്ഠം മെയ് 17ന് പുനലൂര്‍ ഫാമില്‍ നിന്ന് വാങ്ങിയതിന്റെ ബില്ല് കാണിച്ചു. എന്നാല്‍ ഈ ബില്ലില്‍ വാങ്ങിയ വളമല്ല കൂത്താട്ടുകുളത്ത് ഇറക്കിയതെന്ന് അന്വേഷണത്തില്‍ പിന്നീട് ബോധ്യപ്പെട്ടു. സംശയം പ്രകടിപ്പിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ ഇവര്‍ കാണിക്കുന്ന രേഖകള്‍ പോലും വ്യാജമായിരിക്കും. ഏജന്റുമാര്‍ ആരെയും വീഴ്ത്തുന്ന വാക്ചാതുരിയുമായി വീടുകള്‍ തോറും കയറിയിറങ്ങിയാണ് വളത്തിന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ബുക്ക് ചെയ്യുന്നവരില്‍ നിന്ന് അഡ്വാന്‍സും സ്വീകരിക്കും. വളം എത്തി തോട്ടങ്ങളില്‍ ഇടാന്‍ തുടങ്ങുമ്പോഴാണ് കര്‍ഷകര്‍ വളം വ്യാജമാണെന്നറിയുന്നത്. ഏജന്‍സികള്‍ ഫോണ്‍ നമ്പര്‍ നല്‍കുമെങ്കിലും പിന്നെ ഈ നമ്പറില്‍ വിളിച്ചാല്‍ അവരെ കിട്ടണമെന്നില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ലൈസന്‍സോടെയും ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ 1985 (എഫ് സി ഒ) അനുശാസിക്കുന്ന പ്രകാരമുള്ള ഗുണനിലവാരത്തിലുമായിരിക്കണം കമ്പനികള്‍ വളം നിര്‍മിക്കേണ്ടത്. എന്നാല്‍ ലൈസന്‍സില്ലാതെയും എഫ് സി ഒയുടെ നിബന്ധനകള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന വളം കമ്പനികള്‍ ധാരാളമുണ്ട്. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനി (എസ് പി സി)യുടെ ലൈസന്‍സ്, എഫ് സി ഒയുടെ നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2022ല്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത, വിഷരഹിതമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ജൈവ കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നത്. വ്യാജ വളം നിര്‍മാണ സ്ഥാപനങ്ങളും വിതരണക്കാരും ഈ ലക്ഷ്യം അട്ടിമറിക്കുകയാണ്. വിഷരഹിത കൃഷി എന്ന പ്രഖ്യാപനം കൊണ്ടായില്ല, ഗുണനിലവാരമുള്ള വളം ഉള്‍പ്പെടെ അത് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വ്യാജ വളം വിതരണം നടത്തി കര്‍ഷകരെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.