Kerala
ദുരന്തബാധിതരുടെ സമഗ്രപുനരധിവാസം സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്
മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതിന് കേരളം ഒരുമിച്ച് ഐക്യത്തോടെ കൈകോര്‍ത്ത് നിലകൊള്ളുകയാണ്
പത്തനംതിട്ട | വയനാട്ടിലെ മേപ്പാടിയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ സമഗ്രപുനരധിവാസമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടന്ന ജില്ലാതല ആഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
വയനാട് ദുരന്തത്തില്‍ ഒരുപാട് പ്രിയപ്പെട്ടവരെ നഷ്ടമായി. വിവിധ ക്യാമ്പുകളിലായി 1500 ല്‍ അധികം ആളുകള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്നു. അവരുടെ മനസില്‍ നിന്നും ഭയം മാറേണ്ടതുണ്ട്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതിന് കേരളം ഒരുമിച്ച് ഐക്യത്തോടെ കൈകോര്‍ത്ത് നിലകൊള്ളുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസം കിട്ടുന്ന പെന്‍ഷന്‍തുക നല്‍കിയ അമ്മമാരും കുടുക്കപൊട്ടിച്ച് പണം നല്‍കിയ കൊച്ചുകൂട്ടുകാരും കിട്ടിയ പുതിയ ഉടുപ്പുകള്‍ വയനാട്ടിലെ കൂട്ടുകാര്‍ക്കായി നല്‍കിയ സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്ന കുരുന്നുകളുമാണ് നമ്മള്‍ക്കുള്ളത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടതും മതേതരത്വവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതും നമ്മള്‍ ഓരോത്തരുടേയും ഉത്തരവാദിത്തമാണ്. ഇന്ത്യ പ്രതീക്ഷയുടെ, സമത്വത്തിന്റെ, സാഹോദര്യത്തിന്റെ പച്ചതുരുത്തായി നിലകൊള്ളേണ്ടതുണ്ട്. ഈ അവസരത്തില്‍ നമ്മുടെ ചരിത്രം കളങ്കമേല്‍ക്കാതെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് നാം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.