From the print
വൈറസില്‍ ആശങ്ക
അഞ്ച് കുട്ടികള്‍ക്ക് സ്ഥിരീകരിച്ചു. കര്‍ണാടകയിലും തമിഴ്നാട്ടിലും രണ്ട് പേര്‍ക്ക് വീതവും ഗുജറാത്തില്‍ ഒരാള്‍ക്കും.
ന്യൂഡല്‍ഹി | ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച് എം പി വി) ബാധ രാജ്യത്തും. വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും തമിഴ്നാട്ടിലും രണ്ട് പേര്‍ക്ക് വീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനും ആറ് മാസം പ്രായമായ ആണ്‍കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ശ്വസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പെണ്‍കുഞ്ഞ് ചികിത്സ തേടിയത്. പനിയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെയും തുടര്‍ന്നാണ് ആണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് മാസം പ്രായമായ ആണ്‍കുട്ടിക്കാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ രോഗം സ്ഥിരീകരിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചുമ, ശ്വാസതടസ്സം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പുതിയതല്ല, ആശങ്കപ്പെടേണ്ട
എച്ച് എം പി വി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രം. എച്ച് എം പി വൈറസിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്ന സന്ദേശങ്ങള്‍ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ പ്രതികരണം.
നിലവിലെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എച്ച് എം പി വി പുതിയ വൈറസല്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2001ലാണ് വൈറസ് ബാധ ആദ്യമായി റിപോര്‍ട്ട് ചെയ്തത്. അന്നുമുതല്‍ ഇത് ലോകത്തെ പലരാജ്യങ്ങളിലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കാറുണ്ട്. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്. ഐ സി എം ആറും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ചൈനയിലെയും മറ്റ് അയല്‍ രാജ്യങ്ങളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജെ പി നഡ്ഡ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
നേരിടാന്‍ സജ്ജം
രോഗം പടരുന്ന സാഹചര്യത്തില്‍ പ്രശ്നം നേരിടാന്‍ സജ്ജമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ എസി എം ആര്‍). എച്ച് എം പി വൈറസ് പരിശോധനക്ക് ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഐ സി എം ആര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും മറയ്ക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ വരുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
എന്താണ് എച്ച് എം പി വി?
ശ്വാസകോശ അണുബാധക്ക് കാരണമാകുന്ന വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടും. എല്ലാ പ്രായത്തിലുമുള്ളവരെയും ബാധിക്കുമെങ്കിലും അഞ്ചിന് താഴെ പ്രായമുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയും കൂടുതലായി ബാധിക്കാം.
പ്രത്യേക ചികിത്സയോ വാക്‌സീനോയില്ല. 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍.