Connect with us

From the print

മധ്യപൂർവദേശത്ത് ആശങ്ക; ദുർബലനായി അസദ്

റഷ്യ യുക്രൈനിലും ഇറാനും ഹിസ്ബുല്ലയും ഇസ്‌റാഈലിനെതിരെയും പോരാട്ടം നടത്തുന്നതിനിടെ തക്കം മുതലെടുത്ത് തലസ്ഥാനം പിടിക്കാനുള്ള കഠിനശ്രമത്തിലാണ് വിമതർ.

Published

|

Last Updated

ദമസ്‌കസ് | ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ വർഷങ്ങളായി സിറിയയിലെ വിമതരെ ഒതുക്കാനായെങ്കിലും അപ്രതീക്ഷിത വിമത മുന്നേറ്റത്തിൽ ദുർബലനായി പ്രസിഡന്റ് ബശർ അൽ അസദ്. സിറിയയുടെ സഖ്യകക്ഷികളായ ഇറാനും റഷ്യയും ലബനാനിലെ ഹിസ്ബുല്ലയുമെല്ലാം ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് തുർക്കിയ അതിർത്തിയിൽ നിന്ന് വിമതർ മിന്നലാക്രമണത്തിലൂടെ സിറിയയിലെ പ്രധാന നഗരങ്ങൾ പിടിച്ചെടുത്തത്. റഷ്യ യുക്രൈനിലും ഇറാനും ഹിസ്ബുല്ലയും ഇസ്‌റാഈലിനെതിരെയും പോരാട്ടം നടത്തുന്നതിനിടെ തക്കം മുതലെടുത്ത് തലസ്ഥാനം പിടിക്കാനുള്ള കഠിനശ്രമത്തിലാണ് വിമതർ.

ഇവർക്ക് ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പിന്തുണയുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു.
അര നൂറ്റാണ്ടിലേറെയായുള്ള അസദിന്റെ കുടുംബ വാഴ്ചക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് വിമത മുന്നേറ്റം. മധ്യപൂർവ ദേശത്തും വലിയ ആശങ്കയാണ് ഇതുണ്ടാക്കിയിരിക്കുന്നത്. വിമതർ പിടിച്ചെടുത്ത നഗരങ്ങളിൽ അസദിന്റെയും പിതാവിന്റെയും സഹോദരന്റെയും പ്രതിമകൾ തകർത്തിട്ടുണ്ട്. സർക്കാർ ഓഫീസുകളിലും പൊതുനിരത്തുകളിലും സ്ഥാപിച്ച അസദിന്റെ കൂറ്റൻ ചിത്രങ്ങൾക്ക് തീയിടുകയും ബോർഡുകൾ വെടിവെച്ച് നശിപ്പിക്കുകയും ചെയ്തു.
അതിനിടെ, പ്രസിഡന്റ് രാജ്യം വിട്ടിട്ടില്ലെന്നും ദമസ്‌കസിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
2000ത്തിൽ പിതാവ് ഹഫീസിന്റെ മരണ ശേഷമാണ് സിറിയൻ പ്രസിഡന്റായി ബശർ അൽ അസദ് അധികാരമേറ്റത്. 2011ലെ അറബ് വസന്തത്തിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ സഖ്യരാജ്യങ്ങളുടെ പിന്തുണയോടെ അധികാരം നിലനിർത്തിയ അസദ്, പക്ഷേ ആഭ്യന്തര സംഘർഷ ഭീഷണി എന്നും നേരിട്ടിരുന്നു.

ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അറബ് രാജ്യങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടെങ്കിലും പിന്നീട് അവരുമായുള്ള ബന്ധം അസദ് പുനഃസ്ഥാപിച്ചു. വിമതർ അലെപ്പോയടക്കമുള്ള നഗരങ്ങൾ പിടിച്ചെടുത്തെങ്കിലും ഔദ്യോഗികമായി അസദ് ഒരു പ്രതികരണവും നടത്തിയിട്ടില്ല. എങ്കിലും ഇറാൻ പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിൽ, വിമത കലാപത്തിൽ വിദേശഗൂഢാലോചനയുണ്ടെന്ന് അസദ് പറഞ്ഞിരുന്നു.

Latest