criminal procedures bill
ക്രിമിനല്‍ നടപടി ചട്ട ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍
കുറ്റകൃത്യ നിയമങ്ങളില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്. പക്ഷേ അത് നിരപരാധികളെ അകാരണമായി വേട്ടയാടാനും പീഡിപ്പിക്കാനും ചില വിഭാഗങ്ങളെ പോലീസിന്റെ കുരുക്കില്‍ എന്നേക്കും തളച്ചിടാനുമുള്ള ഉപാധിയായി മാറരുത്.
ആശങ്കാജനകമാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്‍. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍. ശിക്ഷിക്കപ്പെടുന്നവരുടെ രക്തസാമ്പിള്‍, വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോഗ്രാഫുകള്‍, ഐറിസ്, റെറ്റിന എന്നിവയുടെ സാമ്പിളുകള്‍, ബയോമെട്രിക് രേഖകള്‍, ഒപ്പ്, ആളുടെ സ്വഭാവ സവിശേഷതകള്‍, കൈയക്ഷരം എന്നിവയുള്‍പ്പെടെയുള്ളവ പോലീസിന് ശേഖരിക്കുകയും 75 വര്‍ഷം വരെ സൂക്ഷിക്കുകയും ചെയ്യാം. വിസമ്മതിക്കുന്നവരുടെ സാമ്പിള്‍ ശേഖരിക്കാന്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉത്തരവിടാം. എതിര്‍ത്താല്‍ കേസെടുക്കുകയും ചെയ്യാവുന്നതാണ്. ഒരു വര്‍ഷത്തിലധികം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാല്‍ മുദ്രകള്‍, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമേ നിലവില്‍ പോലീസിനുള്ളൂ. 102 വര്‍ഷം പഴക്കമുള്ള “ദ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ടി’ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പാക്കാന്‍ പോകുന്നത്.
വിദേശ രാജ്യങ്ങളിലേതുപോലെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കലാണ് ലക്ഷ്യമെന്നും കുറ്റവാളികളെ എത്രയും വേഗത്തില്‍ പിടികൂടാന്‍ പുതിയ നിയമനിര്‍മാണം സഹായകമാകുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബില്‍ പോലീസിന് അമിതാധികാരത്തിനും മൗലികാവകാശങ്ങള്‍ക്കു മേലുള്ള ഭരണകൂട കടന്നുകയറ്റത്തിനും വഴിവെക്കുമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. സമരം ചെയ്യുന്നതിന് അറസ്റ്റിലാകുന്ന പൊതു പ്രവര്‍ത്തകര്‍ക്കെതിരെ വേറെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ബയോളജിക്കല്‍ സാമ്പിളുകള്‍ പരിശോധിക്കാനും ഡി എന്‍ എ ടെസ്റ്റ് ഉള്‍പ്പെടെ നടത്താനും ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന് അധികാരം നല്‍കുന്ന നിയമം പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് ഭരണേതര കക്ഷികള്‍ ആരോപിക്കുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നേടിയത്.
വര്‍ഗീയ ചിന്താഗതിയുള്ളവരാണ് നമ്മുടെ പോലീസില്‍ നല്ലൊരു വിഭാഗവും. ചില സമുദായങ്ങളെയും ജാതികളെയും മുന്‍വിധിയോടെയാണ് അവര്‍ കാണുന്നത്. മതേതര കക്ഷികള്‍ ഭരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പോലും ഇതാണവസ്ഥ. രാജ്യത്തെ ജയിലുകളിലെ വിചരാണാ തടവുകാരില്‍ മുസ്‌ലിംകളുടെയും ദളിതുകളുടെയും എണ്ണം ജനസംഖ്യാനുപാതത്തിലും ഉയര്‍ന്നതാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളും സന്നദ്ധ സംഘടനയായ കോമണ്‍ കോസും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഡവലപ്പിംഗ് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠന റിപോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. ജനസംഖ്യയില്‍ 14.2 ശതമാനം മാത്രം വരുന്നവരാണ് മുസ്‌ലിംകള്‍. എന്നാല്‍ 55 ശതമാനമാണ് മുസ്‌ലിംകളും ദളിതരുമായ ജയില്‍ പുള്ളികളുടെ എണ്ണമെന്ന് കോമണ്‍ കോസും സെന്റര്‍ ഫോര്‍ ദി സ്റ്റഡി െഡവലപ്പിംഗ് സ്റ്റഡീസും നടത്തിയ സംയുക്ത പഠനത്തില്‍ കണ്ടെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 18 പേര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയപ്പോള്‍ അതില്‍ 16 പേരും മുസ്‌ലിംകളായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമന്റെയും വധശിക്ഷ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ കറുത്ത പാടുകളായി അവശേഷിക്കുകയാണ്. സുരക്ഷാ സേനയുടെയും ഭരണകൂട സംവിധാനങ്ങളുടെയും മുന്‍വിധികളാണ് ജയിലില്‍ മുസ്‌ലിംകളുടെയും ദളിതുകളുടെയും വര്‍ധിച്ച സാന്നിധ്യത്തിനും സംശയാസ്പദമായ ശിക്ഷാവിധികള്‍ക്കും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭീകരബന്ധം ആരോപിച്ച് മുസ്‌ലിംകളെ അനാവശ്യമായി തടവിലിടുന്ന പ്രവണത രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിം യുവാക്കളെ അകാരണമായി പീഡിപ്പിക്കപ്പെടുന്ന പരാതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും യു പി എ ഭരണ കാലത്ത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ അപേക്ഷിച്ച് വര്‍ഗീയ, വംശീയ ചിന്തകള്‍ ശക്തിപ്പെട്ടിട്ടുണ്ട് ഇന്ന് രാജ്യത്ത്. ഇത്തരമൊരു സാഹചര്യത്തില്‍ പോലീസിന് അമിതാധികാരങ്ങള്‍ കൂടി ലഭിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളില്‍ നടപ്പാക്കിയ ക്രിമിനല്‍ ഡാറ്റാബേസ് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചതാണ്. അമേരിക്കയിലെ ഡാറ്റാബേസുകളിലെ സ്ഥിരം കുറ്റക്കാരുടെ ലിസ്റ്റില്‍ കറുത്ത വര്‍ഗക്കാരാണ് കൂടുതലെന്നത് ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്‍ ഉയര്‍ത്താന്‍ പോകുന്ന അപകടകരമായ വിവേചനത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. “മുസ്‌ലിംകളെ കൂടുതല്‍ കൂടുതല്‍ പ്രോസിക്യൂട്ട് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒളിയജന്‍ഡ. വിദ്യാസമ്പന്നരായ മുസ്‌ലിംകളെ കള്ളക്കേസുകളില്‍ കുടുക്കി അവരുടെ പുരോഗതിയും മികച്ച ജീവിത സാഹചര്യങ്ങള്‍ കൈവരിക്കാനുള്ള അവസരവും തടയുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമാക്കുന്നതെന്നും മുസ്‌ലിം വിരുദ്ധ വികാരത്തിന്റെയും വിദ്വേഷത്തിന്റെയും പ്രകടനമാണിതെ’ന്നുമാണ് അഭിഭാഷകനും മുന്‍ തടവുകാരനുമായ അബ്ദുല്‍ വാഹിദ് ശൈഖ് അഭിപ്രായപ്പെട്ടത്.
കുറ്റകൃത്യ നിയമങ്ങളില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്. പക്ഷേ അത് നിരപരാധികളെ അകാരണമായി വേട്ടയാടാനും പീഡിപ്പിക്കാനും ചില വിഭാഗങ്ങളെ പോലീസിന്റെ കുരുക്കില്‍ എന്നേക്കും തളച്ചിടാനുമുള്ള ഉപാധിയായി മാറരുത്. പോലീസിനും സൈന്യത്തിനുമെല്ലാം അമിതാധികാരം നല്‍കുന്നതിന്റെ ഭയാനകമായ അനന്തര ഫലങ്ങള്‍ യു എ പി എയിലൂടെയും അഫ്‌സ്പയിലൂടെയും രാജ്യത്തെ മത ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.