Kerala
ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ അനുമതി
പാപ്പാഞ്ഞിയുടെ ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി
കൊച്ചി | പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി. രണ്ട് ഗ്രൗണ്ടിലും ഉപാധികളോടെ പാപ്പാഞ്ഞിയെ കത്തിക്കാമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. സംഘാടകരായ ഗാലാ ഡി കൊച്ചി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്ന് നേരത്തേ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടികാട്ടിയായിരുന്നു നീക്കം. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഹൈക്കോടതിയില്‍ സംഘാടകരാണ് ഹരജി നല്‍കിയത്. കോടതി വിധി അനുകൂലമായതോടെ പുതുവത്സരത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും.