Uae
അപകടത്തിൽ മരിച്ച സൈനികർക്ക് അനുശോചനം; പരുക്കേറ്റവരെ സന്ദര്‍ശിച്ച് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
നമ്മുടെ സായുധ സേനയിലെ വീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾ എന്നും ഹൃദയത്തിലും മനസ്സിലും നിലനിൽക്കും.
അബൂദബി | ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച നാല് യു എ ഇ സായുധ സേന അംഗങ്ങളുടെ വിയോഗത്തിൽ അനുശോചനം. നഹ്്യാൻ അൽ മർസൂഖി, അഹ്്മദ് അൽ ശെഹ്ഹി, നാസർ അൽ ബലൂശി, അബ്ദുൽ അസീസ് അൽ തുനൈജി എന്നിവരാണ് വീരമൃത്യു വരിച്ചത്.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പരുക്കേറ്റവരെ സന്ദർശിച്ചു.ഡ്യൂട്ടിയിലിരിക്കെ രാജ്യത്ത് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ നാല് സായുധ സേനാംഗങ്ങളുടെ രക്തസാക്ഷിത്വത്തിൽ അദ്ദേഹം അഗാധമായ അനുശോചനം അറിയിച്ചു.
നമ്മുടെ സായുധ സേനയിലെ വീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾ എന്നും ഹൃദയത്തിലും മനസ്സിലും നിലനിൽക്കും. യു എ ഇയുടെ പുരോഗതിയും അഖണ്ഡതയും സംരക്ഷിക്കാനുള്ള അർപ്പണബോധത്തോടെ, രാഷ്ട്രത്തിനായുള്ള ഉദാത്ത സേവനത്തിന് അവർ മാതൃകയായി തുടരുന്നുവെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
സൈനിക ക്യാമ്പിനുള്ളിൽ വെടിമരുന്ന് കൊണ്ടുപോകുകവെയാണ് അപകടമെന്ന് പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി മതാർ സാലം അൽ ദാഹിരി പ്രസ്താവനയിൽ പറഞ്ഞു.