aluva murder case
അസ്ഫാക്കുമായി ആലുവ മാർക്കറ്റിൽ തെളിവെടുപ്പ് നടത്തി; കൃത്യം നടത്തിയത് ഒറ്റക്ക്
കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരു ഭാഗവും കണ്ടെടുത്തു.
കൊച്ചി | ആലുവയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അസ്ഫാക് ആലത്തിനെ ആലുവ മാർക്കറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അര മണിക്കൂർ നേരം തെളിവെടുപ്പ് നീണ്ടുനിന്നു. കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരു ഭാഗവും കണ്ടെടുത്തു.
ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് തെളിവെടുപ്പിനായി പോലീസ് ഇയാളെ ഇവിടെയെത്തിച്ചത്. മാർക്കറ്റിൽ തിരക്ക് കുറഞ്ഞ സമയമായിരുന്നു ഇത്. പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പ് പോലീസ് രഹസ്യമാക്കിവെച്ചതിനാൽ വലിയ ജനക്കൂട്ടമോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ, വിവരമറിഞ്ഞ് അല്പസമയത്തിനകം കുറച്ചുപേര്‍ സ്ഥലത്തെത്തിയെങ്കിലും രോഷപ്രകടനങ്ങളില്ലായിരുന്നു. പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.