Kerala
സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍
സംഭവവിവരം കോളജ് അധികൃതരെയും വീട്ടുകാരെയും അറിയച്ചതിന് ശേഷം പെണ്‍കുട്ടി കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
മലപ്പുറം | സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ഥിനിയെ കലാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്‌സ്’ ബസിലെ കണ്ടക്ടര്‍ ഷുഹൈബിനെ (26)യാണ് ചങ്ങരകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബ് കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്.
പെരുമ്പിലാവിലെ കോളേജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയും കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഷുഹൈബ് മര്‍ദിച്ചത്. പെണ്‍കുട്ടി ഒഴിവുള്ള സീറ്റില്‍ ഇരുന്നതാണ് കണ്ടക്ടറെ പ്രകോപിതനാക്കിയത്.
എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഒഴിവുസീറ്റ് കണ്ടപ്പോള്‍ കുട്ടി സീറ്റില്‍ ഇരുന്നു. തുടര്‍ന്ന് സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നുവെന്നാണ് കേസ്.
സംഭവവിവരം കോളജ് അധികൃതരെയും വീട്ടുകാരെയും അറിയച്ചതിന് ശേഷം പെണ്‍കുട്ടി
കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ചങ്ങരംകുളം പോലീസ് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.