From the print
ഉലമാ ജീവിതത്തിന്റെ ധൈഷണിക ആവിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്ത് സമ്മേളനം
വിട്ടുപോയതും ജീവിച്ചിരിക്കുന്നവരുമായ മത പണ്ഡിതന്മാരുടെ ധൈഷണിക ആവിഷ്‌കാരങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു
തൃശൂര്‍ | വിട്ടുപോയതും ജീവിച്ചിരിക്കുന്നവരുമായ മത പണ്ഡിതന്മാരുടെ ധൈഷണിക ആവിഷ്‌കാരങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. താജുല്‍ ഉലമ, നൂറുല്‍ ഉലമ, കന്‍സുല്‍ ഉലമ, ഇ കെ ഹസന്‍ മുസ്്ലിയാര്‍, സുല്‍ത്താനുല്‍ ഉലമ, മുഹിയിസ്സുന്ന, ഖലമുല്‍ ഇസ്്ലാം എന്നീ പണ്ഡിതന്മാരുടെ ജീവിതം അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ചകള്‍. പി എസ് കെ മൊയ്തു ബാഖവി മാടവന, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഫൈസല്‍ അഹ്സനി രണ്ടത്താണി, സയ്യിദ് തുറാബ് തങ്ങള്‍ സഖാഫി, ഡോ. അബ്ദുസ്സലാം, അബൂബക്കര്‍ സഖാഫി പന്നൂര്‍, ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.
താജുല്‍ ഉലമ ആത്മീയ നേതാവ് എന്നതിനപ്പുറം അഹ്്ലുസ്സുന്നത്തിവല്‍ ജമാഅത്തിനെ മുന്നില്‍ നിന്ന് നയിക്കുകയും ആദര്‍ശം പറയാന്‍ ആരുടെ മുന്നിലും പതറരുതെന്ന് ഉണര്‍ത്തുകയും സമുദായത്തിന് ധൈര്യം പകരുകയും ചെയ്തു. ഒറ്റക്കാണെങ്കിലും മുന്നില്‍ നിന്ന് നയിക്കുമെന്ന തങ്ങളുടെ പ്രഖ്യാപനം ആയിരങ്ങളാണ് നെഞ്ചേറ്റിയത്. 1956 ല്‍ സമസ്ത മുശാവറ അംഗമായും 1976 മുതല്‍ വൈസ് പ്രസിഡന്റ്, 1989 മുതല്‍ 2014 വരെ നീണ്ട 25 വര്‍ഷക്കാലം പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തു- പി എസ് കെ മൊയ്തു ബാഖവി താജുല്‍ ഉലമയെ അനുസ്മരിച്ചു.
കേരള മുസ്്ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ചിന്തകനായിരുന്നു എം എ അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍. 1974ല്‍ സഅദിയ്യയില്‍ സുന്നി മാനേജ്മെന്റിന് കീഴില്‍ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും ഇന്നത് സംഘടനയുടെ കീഴില്‍ നാനൂറോളം സ്‌കൂളുകളില്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. ബോര്‍ഡിംഗ് സ്‌കൂളുകള്‍ക്ക് തുടക്കമിട്ടതും ഉസ്താദായിരുന്നു. 1946ല്‍ സമസ്ത മുശാവറയിലേക്ക് വന്ന ഉസ്താദ് 1951ല്‍ മത വിദ്യാഭ്യാസ പദ്ധതി സമസ്തയുടെ അംഗീകാരത്തോടെ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തോളം മദ്്റസകളാണ് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുന്നത്. മുഅല്ലിംകളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഉസ്താദ് കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ആരംഭിച്ച ക്ഷേമ നിധി ഇന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഏറ്റെടുക്കുകയും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മുഅല്ലിംകള്‍ക്ക് ആശ്വാസം പകരുകയും ചെയ്തു. എസ് വൈ എസിന്റെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. 1960 കളില്‍ ഖാദിയാനിസത്തിനെതിരെ ഉസ്താദ് രംഗത്ത് വന്നു. ജമാഅത്തെ ഇസ്്ലാമി രൂപം കൊണ്ടപ്പോള്‍ അതിന്റെ ആദര്‍ശ പാപ്പരത്തവും അപകടങ്ങളും തുറന്നുകാട്ടി. തബ്്ലീഗ് ജമാഅത്ത് വന്നപ്പോള്‍ അതിനെതിരെയും ജനങ്ങളെ ഉണര്‍ത്തി. കമ്മ്യൂണിസം, സോഷ്യലിസം എന്നിവ ഉയര്‍ത്തുന്ന മതനിരാസ ചിന്തകളെയും മതപരമായ വെറുപ്പുകളെ കുറിച്ച് തുറന്നുകാട്ടി ബോധവത്കരണം നടത്തി. നവീനവാദങ്ങളെ ജനങ്ങളെ പഠിപ്പിക്കാനായി നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ എം എ ഉസ്താദിന്റെ വൈജ്ഞാനിക വിപ്ലവങ്ങള്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു.
പുത്തന്‍ പ്രസ്ഥാനങ്ങള്‍ നാടുകളില്‍ പിടിമുറിക്കിയപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ മണിക്കൂറുകള്‍ നീണ്ട സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരികയും അറബി ഖുതുബ മാറ്റി പരിഭാഷാ ഖുതുബ കൊണ്ടുവരാന്‍ ശ്രമിച്ചവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത ആദര്‍ശ കേരളത്തിന്റെ ധീര രൂപമായിരുന്നു ഇ കെ ഹസന്‍ മുസ്്ലിയാര്‍. 1976 മുതല്‍ 1952 വരെ സംഘടനയുടെ നേതൃ സ്ഥാനത്ത് ഉസ്താദ് മുന്നേറ്റങ്ങള്‍ നടത്തി. കള്ള ശൈഖൻമാര്‍ക്കും ബിദ്അത്തുകാര്‍ക്കും പേടിസ്വപ്നമായിരുന്നു ഹസന്‍ ഉസ്താദ്. അഹ്്ലുസ്സുന്നയുടെ ആദര്‍ശ മുന്നേറ്റത്തിന് ശക്തിപകര്‍ന്ന ഉസ്താദിന്റെ ജീവിതം ഫൈസല്‍ അഹ്സനി രണ്ടത്താണി സദസ്സിനെ ഉണര്‍ത്തി.
ആര്‍ജിച്ചെടുത്ത വിജ്ഞാനത്തെ സമൂഹത്തിന്റെ ഉന്നതിക്കായി വിനിയോഗിക്കുകയും അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്്ലിയാരുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സയ്യിദ് തുറാബ് തങ്ങള്‍ സഖാഫി സദസ്സിന് പരിചയപ്പെടുത്തി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്ലിയാര്‍, കോടമ്പുഴ ബാവ മുസ്്ലിയാര്‍ എന്നിവര്‍ ജീവിതകാലത്തെ എങ്ങനെ അടയാളപ്പെടുത്തി എന്നതായിരുന്നു രണ്ടാമത്തെ സെഷനില്‍ ചര്‍ച്ച ചെയ്തത്. 400 സ്‌കൂളുകളും 638 കോളജുകളും ഉൾപ്പെടെ 22,000 പഠന ശാലകള്‍ സ്ഥാപിക്കുകയും വിദേശ സര്‍വകലാശാലകളില്‍ ഉൾപ്പെടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠന അവസരം ഒരുക്കുകയും ചെയ്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ സംഭാവനകള്‍ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് ഡോ. അബ്ദുസ്സലാം പറഞ്ഞു. 1,35,000 പേര്‍ക്ക് തൊഴില്‍ നല്‍കുകയും അരലക്ഷം സാന്ത്വനം സേവകരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്യാന്‍ ഉസ്താദിന്റെ നേതൃത്വത്തിന് കഴിഞ്ഞു. 4,028 ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. പതി അബ്ദുല്‍ ഖാദര്‍ മുസ്്ലിയാര്‍ക്ക് ശേഷം ആദര്‍ശ രംഗത്ത് കൈരളിക്ക് മഹത്തായ സംഭാവനകള്‍ നല്‍കാന്‍ മുഹിയിസ്സുന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്ലിയാര്‍ക്ക് കഴിഞ്ഞതായി പന്നൂര്‍ അബൂബക്കര്‍ സഖാഫി വ്യക്തമാക്കി. ഖലമുല്‍ ഇസ്്ലാം കോടമ്പുഴ ബാവ മുസ്്ലിയാര്‍ രചനാ രംഗത്ത് വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണെന്നും മദ്റസാ പാഠപുസ്തകങ്ങള്‍, കനപ്പെട്ട ഗ്രന്ഥങ്ങള്‍, പുസ്തകങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി തഫ്സീര്‍, ഫിഖ്ഹ്, തസവ്വുഫ് മേഖലകളില്‍ എണ്ണിയാലൊടുങ്ങാത്ത രചനകളാണ് ബാവ ഉസ്താദ് ലോകത്തിന് സമ്മാനിച്ചതെന്നും ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍ വ്യക്തമാക്കി. അവസാനമായി പുറത്തിറങ്ങിയ ഉസ്താദിന്റെ ജലാലൈനിയുടെ തഫ്സീര്‍ തന്നെ 16 വര്‍ഷം എടുത്ത് 14,000 പേജുകളിലായി 31 വാല്യമായി രചിച്ചതാണ്.