Connect with us

independence day

സ്വാതന്ത്ര്യദിന പുലരിയിലെ ആത്മവിശ്വാസവും ആശങ്കകളും

ഇന്ത്യന്‍ ദേശീയതയുടെ ആത്യന്തിക സവിശേഷതയായ ഉള്‍ക്കൊള്ളല്‍ ശേഷി തിരിച്ചുപിടിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലേക്ക് ഉണരുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഉയരേണ്ടത്. ഇന്ത്യ അത്ര പെട്ടെന്ന് തോറ്റുപോകുന്ന ആശയമല്ല. ഭരണഘടന വെറും അക്ഷരങ്ങളല്ല.

Published

|

Last Updated

ന്ത്യ സ്വാതന്ത്ര്യത്തിന്റെ 76ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ രാജ്യമാകെ ആഘോഷ പരിപാടികള്‍ ഗംഭീരമായി നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹര്‍ ഘര്‍ തിരംഗ ആഹ്വാന പ്രകാരം രണ്ട് ദിവസം മുമ്പ് തന്നെ വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ത്രിവര്‍ണ പതാക ഉയര്‍ത്തിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അര്‍ഥവും വ്യാപ്തിയും ചര്‍ച്ച ചെയ്യുന്ന വൈവിധ്യപൂര്‍ണമായ പരിപാടികള്‍ വിവിധ സംഘടനകളുടെയും സര്‍ക്കാറിന്റെയും ആഭിമുഖ്യത്തില്‍ നടക്കുകയും ചെയ്യുന്നു. ഈ ഉദ്യമങ്ങളെല്ലാം പൗരന്‍മാരുടെ ആത്മാഭിമാനമുയര്‍ത്തുന്നതും ദേശീയ വികാരം ഊട്ടിയുറപ്പിക്കുന്നതും കടമകളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതുമാണ്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആ വാക്കുകള്‍ തന്നെയാണ് മുക്കാല്‍ നൂറ്റാണ്ടിനിപ്പുറവും മാറ്റൊലി കൊള്ളുന്നത്: പാതിരാമണി മുഴങ്ങിയപ്പോൾ ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റത്. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും. ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്.

യഥാര്‍ഥത്തില്‍ ഈ ദിനം ആത്മവിശ്വാസത്തിന്റെയും ആത്മവിചാരണയുടേതുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നമ്മുടെ രാജ്യം അഖണ്ഡമായി നിലനില്‍ക്കുന്നുവെന്നത് ചെറിയ ആത്മവിശ്വാസമല്ല തരുന്നത്. അടിയന്തരാവസ്ഥാ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തിന്റെ ഭരണഘടന മരവിച്ച് നിന്ന ഒരു ഘട്ടവുമുണ്ടായില്ല. നിയമ നിര്‍മാണ, നീതിന്യായ, ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ ഭരണഘടനാദത്തമായ സന്തുലനം വിട്ട് ഒന്ന് മറ്റൊന്നിലേക്ക് കടന്നുകയറിയതുമില്ല.

തകര്‍ത്തെറിയാന്‍ വലിയ കുതന്ത്രങ്ങള്‍ അരങ്ങേറുമ്പോഴും ഇന്ത്യന്‍ മതേതരത്വവും മതസൗഹാര്‍ദവും വലിയ അട്ടിമറികളില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. ബഹുമത, ബഹുസ്വര സമൂഹത്തിന്റെ സഹിഷ്ണുതയും പാരസ്പര്യവും വിട്ടുവീഴ്ചകളും ഇവിടെ പുലരുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ അങ്ങേയറ്റത്തെ ക്ഷമാപൂര്‍ണമായ സമീപനം പുലര്‍ത്തുന്നു. രാഷ്ട്രത്തിലെ വ്യക്തികള്‍ക്ക് വിഭിന്ന മതമുണ്ട്; എന്നാല്‍ രാഷ്ട്രത്തിന് മതമില്ല എന്ന അടിസ്ഥാന തത്ത്വം ലംഘിക്കപ്പെടുമ്പോഴെല്ലാം ശക്തമായ ചോദ്യങ്ങളുയരുന്നുവെന്നത് ആവേശകരമാണ്. വിയോജിപ്പിനുള്ള ഇടം ചുരുക്കിക്കളയാന്‍ ഭരണകൂടം അതിന്റെ മര്‍ദനോപകരണങ്ങള്‍ ഉപയോഗിച്ച് പരമാവധി ശ്രമിക്കുമ്പോഴും ശക്തമായ എതിര്‍സ്വരങ്ങളും ചെറുത്തു നില്‍പ്പുകളും ഉയരുന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യം ജീവനുള്ള ഒന്നായി തുടരുന്നുവെന്നതിന്റെ തെളിവല്ലാതെ മറ്റെന്താണ്? കര്‍ഷക സമരവും പൗരത്വ ഭേദഗതിക്കെതിരായ സമരവും ഇന്ത്യന്‍ സിവില്‍ സമൂഹം സമരസജ്ജമാണെന്ന സന്ദേശം നല്‍കുന്നതായിരുന്നുവല്ലോ. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഏറെ മുന്നോട്ട് കുതിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. വിവര വിസ്‌ഫോടനത്തിന്റെ സാധ്യതകള്‍ ഇന്ത്യന്‍ ജീവിതത്തിന്റെയും ഉള്ളടക്കം മാറ്റിമറിച്ചിരിക്കുന്നു. ഐ എസ് ആര്‍ ഒ അടക്കമുള്ള നമ്മുടെ ശാസ്ത്ര, ഗവേഷണ സ്ഥാപനങ്ങള്‍ ലോകോത്തര നേട്ടങ്ങള്‍ കൊയ്യുന്നു. നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തില്‍ പിറന്ന മിശ്ര സമ്പദ്്വ്യവസ്ഥ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് അനുദിനം തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഇന്ത്യ പിടിച്ചു നിന്നത് പൊതുമേഖലയുടെ ശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നുവെന്ന് ഈ സാമ്പത്തിക ക്രമത്തിന്റെ വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നു.

ഈ ആത്മവിശ്വാസങ്ങള്‍ക്കെല്ലാം അപ്പുറത്ത് ഉയരുന്ന ഗുരുതരമായ ചില ആശങ്കകളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ജനാധിപത്യത്തിന്റെ തിരുത്തല്‍ ശേഷി അസ്തമിക്കുന്നുവോ എന്നതാണ്. നോട്ട് നിരോധനം പോലെ ഏറ്റവും ജനവിരുദ്ധവും സാമ്പത്തിക അബദ്ധവുമായ ഒരു തീരുമാനം നടപ്പാക്കിയതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലും അതേ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുന്നുവെങ്കില്‍ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്. കൊവിഡ് മഹാമാരിയില്‍ അലഞ്ഞ് മരിച്ച മനുഷ്യരുടെ മൃതദേഹങ്ങള്‍ മനസ്സില്‍ നിന്ന് മായും മുമ്പ് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ജനകീയ പ്രശ്‌നങ്ങള്‍ അടിയില്‍ പോകുകയും കൃത്യമായ സോഷ്യല്‍ എന്‍ജിനീയറിംഗിനായി പടച്ചു വിടുന്ന വൈകാരിക വിഷയങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അര്‍ഥശൂന്യമാകുന്നു. അലഹാബാദിന്റെ പേര് മാറ്റിയാല്‍ മതി. മന്ദിര്‍ മസ്ജിദ് പ്രശ്‌നം വലിച്ചിട്ടാല്‍ മതി. അതിര്‍ത്തിയില്‍ വെടിപൊട്ടിച്ചാല്‍ മതി. വര്‍ഗീയ വിഭജന പ്രസ്താവനകള്‍ മതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്നു വന്നിരിക്കുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ സംശയമുണ്ട്. എന്നാല്‍ അതിനേക്കാള്‍ മാരകമാണ് സോഷ്യല്‍ എന്‍ജിനീയറിംഗില്‍ സംഭവിക്കുന്ന അട്ടിമറികള്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലം മുതല്‍ സംഭവിച്ച വീഴ്ച സ്വാതന്ത്ര്യത്തിന്റെ ഈ 75ാം വര്‍ഷത്തിലും തിരുത്താതെ തുടരുകയാണ്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായി സ്വാതന്ത്ര്യ സമരം ചുരുങ്ങുകയും സാമൂഹിക സ്വാതന്ത്ര്യത്തിലേക്ക് അത് വളരാതിരിക്കുകയും ചെയ്തുവെന്നതായിരുന്നുവല്ലോ ഗാന്ധി- അംബേദ്കര്‍ സംവാദത്തിന്റെ അടിത്തറ. ഇന്നും സാമൂഹിക സ്വാതന്ത്ര്യം സിദ്ധിച്ചിട്ടില്ല. അയിത്തോച്ചാടനത്തിനായുള്ള 17ാം വകുപ്പ് ഇന്നും നമ്മുടെ ഭരണഘടനയില്‍ നില്‍ക്കുകയാണ്. ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രകുത്തപ്പെട്ട മനുഷ്യര്‍ പതിതാവസ്ഥയില്‍ തന്നെയാണിന്നും. സംവരണമോ മറ്റ് ആനുകൂല്യമോ അവരുടെ സാമൂഹിക പദവി ഉയര്‍ത്തിയിട്ടില്ല. ഭൂമിയിലോ സമ്പത്തിലോ അവരുടെ പങ്ക് ലഭിച്ചിട്ടുമില്ല. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ ദയനീയാവസ്ഥയുടെ നേര്‍ചിത്രം വരച്ചുവെച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപോര്‍ട്ടിന്‍മേല്‍ എന്ത് നടപടിയാണുണ്ടായത്? ജി ഡി പി കണക്കില്‍ രാജ്യം വളര്‍ന്നിട്ടുണ്ട്. പക്ഷേ, ഈ വളര്‍ച്ചയൊന്നും രാജ്യത്തെ കോടിക്കണക്കായ ദരിദ്രരുടെ ജീവിതത്തില്‍ കാണാത്തതെന്താണ്?

കോര്‍പറേറ്റ് ചങ്ങാത്ത ഭരണമാണ് നടക്കുന്നത്. ചരിത്രത്തെ ഭീകരമായി വളച്ചൊടിക്കുന്നു. ശാസ്ത്ര ചിന്തക്ക് പകരം കെട്ടുകഥകള്‍ പ്രതിഷ്ഠിക്കുന്നു. സൈനികവത്കരിക്കപ്പെട്ട ജനതയായി മാറ്റാന്‍ അഗ്‌നിപഥ് പോലുള്ള പദ്ധതികള്‍ കൊണ്ടുവരുന്നു. പൗരത്വത്തിന്റെ മാനദണ്ഡമായി മതം മാറുന്നു. മാധ്യമങ്ങളെ, പൗരാവകാശ പ്രവര്‍ത്തകരെ, പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാം ഭയം പിടികൂടിയിരിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ആത്യന്തിക സവിശേഷതയായ ഉള്‍ക്കൊള്ളല്‍ ശേഷി തിരിച്ചുപിടിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലേക്ക് ഉണരുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഉയരേണ്ടത്. മനുഷ്യരുടെ നിരുപാധികമായ ഐക്യനിരയില്‍ എല്ലാ ഏകാധിപത്യ പ്രവണതകളും തകര്‍ന്നടിയും. ഇന്ത്യ അത്ര പെട്ടെന്ന് തോറ്റുപോകുന്ന ആശയമല്ല. ഭരണഘടന വെറും അക്ഷരങ്ങളല്ല.