Connect with us

Kerala

പാലക്കോട്ടയിലെ ആത്മവിശ്വാസം

മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും ഒരോ വോട്ടിനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്

Published

|

Last Updated

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പാലക്കാട് ലോക്‌സഭാ മണ്ഡലം കൂടുതൽ പ്രവചനാതീതമാകുകയാണ്. പ്രത്യക്ഷത്തിൽ ഇടതും വലതും നേരിട്ടുള്ള പോരാട്ടമാണെങ്കിലും ബി ജെ പിക്ക് അവഗണിക്കാനാകാത്ത സ്വാധീനമുള്ള മണ്ഡലത്തിൽ എൻ ഡി എയുടെ ശക്തമായ പ്രചാരണം ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും ഒരോ വോട്ടിനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

ചേഷ്ടകൾ പോലും ശ്രദ്ധയോടെ
റെക്കോർഡ് ഉഷ്ണത്തിനൊപ്പം മത്സരച്ചൂടിന്റെ തീവ്രത കവലയോഗങ്ങളിലും കുടുംബ സദസ്സുകളിലും വ്യക്തം. ഒരു വാക്കും ഒരു നോക്കും വരെ വോട്ടിൽ പ്രതിഫലിച്ചേക്കാം. ശരീരചലനം പോലും ശ്രദ്ധയോടെ മിനുക്കിയെടുത്താണ് സ്ഥാനാർഥികളുടെ വോട്ടുതേടൽ. ബൂത്ത് തുറക്കുന്ന വെള്ളിയാഴ്ച വിധിയെഴുതാൻ കാത്തിരിക്കുന്ന 13,98,143 വോട്ടർമാർക്കിടയിൽ ആത്മവിശ്വാസവും അവകാശവാദങ്ങളുമായി നിറയുകയാണ് സ്ഥാനാർഥികൾ. കോൺഗ്രസ്സിന് വേണ്ടി രാഹുൽ ഗാന്ധി എത്തിയതോടെ യു ഡി എഫിന്റെ ആത്മവിശ്വാസം വർധിച്ചു. തിരഞ്ഞെടുപ്പ് ഫല ചരിത്രവും സമീപകാല ജനവിധിയും അനുസരിച്ച് ഇടത് കോട്ടയായ മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് എൽ ഡി എഫ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പ്രചാരണ പ്രവർത്തനങ്ങൾ സദാസമയം വിലയിരുത്തുന്നുണ്ട്.
പാലക്കാട് എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന ബി ജെ പിയുടെ പ്രചാരണം തുടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെത്തി. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ ഉൾപ്പെടെ വന്ന് ഓളമുണ്ടാക്കി.

പരിചിത മുഖങ്ങൾ
ഡി സി സി മുൻ പ്രസിഡന്റ്‌വി കെ ശ്രീകണ്ഠൻ യു ഡി എഫിനും സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുൻ എം പിയുമായ എ വിജയരാഘവൻ എൽ ഡി എഫിനും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എൻ ഡി എക്കും വേണ്ടി ജനവിധി തേടുന്നു. മൂവരും മണ്ഡലത്തിൽ സുപരിചിതർ.
എം പി എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങളുടെ തുടർച്ചക്കാണ് വോട്ട് തേടുന്നതെന്ന് ശ്രീകണ്ഠൻ പറയുന്നു. മതനിരപേക്ഷത ഉയർത്തിക്കാട്ടി, വ്യക്തമായ ആശയങ്ങളുമായാണ് മുന്നേറ്റമെന്ന് എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവനും. ന്യൂനപക്ഷ വേട്ടയും ഇന്ത്യയെന്ന ആശയത്തെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും സി എ എയും കേന്ദ്രത്തിന്റെ അവഗണനയും കേരളത്തിലെ എൽ ഡി എഫ് സർക്കാറിന്റെ ഭരണനേട്ടങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നു.
കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങളും അത് ജനങ്ങളിലെത്തിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ വീഴ്ചകളുമാണ് എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ പ്രചാരണായുധം. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പട്ടിക നിരത്തുന്നുമുണ്ട്.
ന്യൂനപക്ഷ മനസ്സ്
ജനസംഖ്യയിൽ ഹിന്ദു വോട്ടർമാർ ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. ഈ വോട്ടുകൾ ചായുന്നതിനനുസരിച്ച് ജയപരാജയങ്ങൾ മാറിമറിയും. അതിനാൽ, രാഷ്ട്രീയാതീതമായ ന്യൂനപക്ഷ വോട്ടുകൾ പോക്കറ്റുകളിലാക്കാനാണ് ഇരു മുന്നണികളും നിലയുറപ്പിച്ചിട്ടുള്ളത്. ന്യൂനപക്ഷ വിഷയങ്ങൾ പരമാവധി പ്രചാരണായുധമാക്കുന്നുമുണ്ട്.