Saudi Arabia
നിരപാധികളുടെ സ്വത്ത് കണ്ടുകെട്ടൽ: റവന്യൂ മന്ത്രിക്ക് ഐ സി എഫ് നിർവേദനം നൽകി
നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്യപ്പെടാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു
ദമാം | ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും നടന്നുവരുന്ന ജപ്തി നടപടികളിൽ നീതികേടുണ്ടെന്ന പരാതി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും ഐ സി എഫ് ദമാം സെൻട്രൽ കമ്മിറ്റി കേരള റവന്യൂ, ഭവന മന്ത്രി കെ രാജന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുറ്റവാളികൾക്ക് പോലും സ്വാഭാവികമായ നീതി ലഭ്യമാകുന്നതാണ് ജനാധിപത്യത്തിൻ്റെ ശക്തിയെന്നിരിക്കെ ഇത്തരം നടപടികളിലെ പക്ഷപാതിത്തം നിയമവാഴ്ചയുടെ ലംഘനമാണെന്നാണ് കരുതേണ്ടത്. ഹർത്താലുകൾ അന്യായമാണ്. അതിൻെറ ഭാഗമായി ഉണ്ടായ അക്രമങ്ങളും നീതീകരിക്കാവുന്നതല്ല. എന്നാൽ, ഹർത്താലിൻ്റെ പിന്നാലെ നടക്കുന്ന ജപ്തി നടപടിക്രമങ്ങളും അപ്രകാരം അന്യായമായിക്കൂടാ. നിരപരാധികളുടെ സ്വത്തുക്കൾ ജപ്തി ചെയ്യപ്പെടാൻ ഉണ്ടായ സാഹചര്യം അധികാരികൾ വ്യക്തമാക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു. സെൻട്രൽ പ്രസിഡൻ്റ് അഹമ്മദ് നിസാമിയാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
ഐ സി എഫ് നാഷനൽ ജന. സെക്രട്ടറി നിസാർ എസ് കാട്ടിൽ, നാഷണൽ സംഘടനാ സെക്രട്ടറി ബഷീർ ഉള്ളണം, ഐ സി എഫ് ഇൻ്റർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ എന്നിവരും സന്നിഹിതരായി.