Connect with us

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു

തെങ്ങോപ്പാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയോടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു

Published

|

Last Updated

ഇംഫാല്‍ |  മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ക്ക് അറുതിയാകുന്നില്ല. സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തെങ്ങോപ്പാലിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരിച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേ സമയം ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള തീവ്രവാദ സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫോഴ്സുമായി (യുഎന്‍എല്‍എഫ്) ന്യൂഡല്‍ഹിയില്‍ കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും സമാധാന കരാര്‍ ഒപ്പിട്ട് നാല് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുള്ളത്

തെങ്ങോപ്പാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയോടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ലീത്തു ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.മരിച്ചവര്‍ ഈ പ്രദേശത്തുള്ളവരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 3 മുതല്‍ മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ഏറ്റുമുട്ടലില്‍ കുറഞ്ഞത് 182 പേര്‍ കൊല്ലപ്പെടുകയും 50,000 ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
.