National
മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ നാല് മരണം; നിരവധി പേർക്ക് പരുക്ക്
തൗബാൽ, കിഴക്കൻ ഇംഫാൽ, പടിഞ്ഞാറൻ ഇംഫാൽ, കക്ചിംഗ്, ബിഷ്ണുപൂർ ജില്ലകകളിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ച
ഗുവാഹത്തി | മണിപ്പൂരിൽ വീണ്ടും സംഘർഷം. പുതുവത്സര ദിനത്തിൽ മണിപ്പൂരിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് മണിപ്പൂർ താഴ്‍വാരയിൽ കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൺ സിംഘ് സംഭവത്തെ അപലപിച്ചു.
തൗബാൽ ജില്ലയിലാണ് സംഘർഷമുണ്ടായത്. അജ്ഞാതരായ ഒരു സംഘം ആളുകൾ ആയുധങ്ങളുമായെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് തൗബാൽ, കിഴക്കൻ ഇംഫാൽ, പടിഞ്ഞാറൻ ഇംഫാൽ, കക്ചിംഗ്, ബിഷ്ണുപൂർ ജില്ലകകളിൽ കർഫ്യൂ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് മണിപ്പൂരിലെ അതിർത്തി പട്ടണമായ മോറയിൽ കലാപകാരികളും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റിരുന്നു.
മെയ് 3 ന് പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങളെ തുടർന്ന് മണിപ്പൂർ 2023-ന്റെ പ്രധാന വാർത്തകളിൽ ഇടം നേടിയിരുന്നു. 180-ലധികം പേർ സംഘർഷങ്ങളിൽ മരിക്കുകയും 60,000-ത്തോളം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.