National
ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയില്‍
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
ന്യൂഡല്‍ഹി| ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളി വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധം കടുത്തതോടെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാമ്പസിനുള്ളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ത്ഥികളെയാണ് സര്‍വകലാശാല ഡീബാര്‍ ചെയ്തത്. ഇത് കൂടാതെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കോളജില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഈ നടപടികള്‍ക്കെതിരെയാണ് എസ്എഫ്ഐ, ഫ്രറ്റേണിറ്റി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചത്. പുറത്താക്കല്‍ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.