National
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇടപെട്ട് കേന്ദ്രം
മണിപ്പൂരില്‍ പരിഹാരം കാണുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി | മണിപ്പൂര്‍ കലാപത്തില്‍ ഇടപെട്ട് കേന്ദ്രം.മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെയാണ് കേന്ദ്രം ഇടപെട്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തര മന്ത്രി യോഗം ചേരും. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം രൂക്ഷമായത്.തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ശനിയാഴ്ച രാത്രി ഇംഫാലിലെ വിവിധ ജില്ലകളില്‍ രോഷാകുലരായ ജനക്കൂട്ടം മൂന്ന് ബിജെപി എംഎല്‍എമാരുടെ വസതികള്‍ക്ക് തീയിട്ടിരുന്നു.തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി.
മണിപ്പൂരില്‍ പരിഹാരം കാണുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി രാഷ്ട്രീയ താല്പര്യത്തോടെ മനപ്പൂര്‍വം മണിപ്പൂര്‍ കത്തിക്കുകയാണെന്നും, കലാപത്തില്‍ തങ്ങളെ ഉപേക്ഷിച്ച മോദിയോട് മണിപ്പൂരിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും മല്ലികാര്‍ജുന് ഖര്‍ഗെ പറഞ്ഞു.
പ്രധാനമന്ത്രി എത്രയും വേഗം മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈ എടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ ആവശ്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ജിരിബാം ജില്ലയിലെ ബരാക് നദിയുടെ സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതോടെയാണ് മെയ്ത്തി വിഭാഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.