Connect with us

National

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘര്‍ഷം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

Published

|

Last Updated

 

ഗുവാഹത്തി | അസമിലെ ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം. അസം പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നത്.യാത്ര സെന്‍ട്രല്‍ ഗുവാഹത്തിയിലൂടെ കടന്നുപോകാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമാണ് യാത്ര വഴിതിരിച്ചുവിടാനുള്ള കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

അസമിലെ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ നേരത്തെ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ യാത്രനടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഗുവാഹത്തിയില്‍ ഇന്ന് പ്രവര്‍ത്തി ദിനമണെന്നും ന്യായ് യാത്ര പ്രധാന നഗര റോഡുകളിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും സംസ്ഥാനഭരണകൂടം പറഞ്ഞിരുന്നു . ഇതേതുടര്‍ന്ന് ദേശീയപാതയിലൂടെ പര്യടനം നടത്താനും ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനായി രാഹുല്‍ ന്യായ് യാത്രാ ബസിനു മുകളിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിജെപി ഭരിക്കുന്ന അസമില്‍ നിന്ന് നിരവധി തടസ്സങ്ങളാണ് നേരിട്ടത്.

മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കും. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി 6,700 കിലോമീറ്ററുകളാണ് ഭാരത് ജോഡോ ന്യായ് യാത്ര നടന്ന് നീങ്ങുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച യാത്ര മാര്‍ച്ച് 20ന് മഹാരാഷ്ട്രയില്‍ സമാപിക്കും.