Kerala
പ്രചാരണത്തിനിടെ ചേലക്കരയില്‍ സംഘര്‍ഷം; സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
പ്രതിഷേധ പ്രകടനത്തിലും സംഘര്‍ഷം
ചേലക്കര | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കരയില്‍ സംഘര്‍ഷം. സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറുതുരുത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരു മുന്നണികളും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്നും സംഘര്‍ഷമുണ്ടായി.
ചേലക്കര മണ്ഡലത്തില്‍ 28 വര്‍ഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്ന് യൂത്ത് കോണ്‍ഗ്രസ് ചെറുതുരുത്തിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സി പി എം ഭരിക്കുന്ന വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍ യുഡി എഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സി പി എമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും വീണ്ടും ഏറ്റുമുട്ടി. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ചെറുതുരുത്തി എസ് എച്ച ഓയെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. നടപടി എടുക്കുമെന്ന കുന്നംകുളം എ സി പിയുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.