Connect with us

Kuwait

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കുവൈത്ത്

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി  | പശ്ചിമേഷ്യയില്‍ ഉടലെടുക്കുന്ന പുതിയ സംഘര്‍ഷ സാധ്യതകള്‍ വിലയിരുത്തി വരികയാണെന്നും ഏത് അടിയന്തര സഹചര്യവും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും കുവൈത്ത് മന്ത്രിസഭ. ഇക്കാര്യത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു.

അടിയന്തര ഘട്ടങ്ങളില്‍ രാജ്യത്തെ സ്വദേശികളും വിദേശികളുമായ എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ ഡിഫന്‍സ് നടത്തിവരുന്ന തയ്യാറെടുപ്പുകളും സഭ വിലയിരുത്തി. പ്രധാന മന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ഇതിനായി ഏകോപിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍ സബാഹ് എടുത്തു പറഞ്ഞു.

കുവൈത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടി കളും സ്വീകരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികളുടെ പ്രതിവാര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ ജനറല്‍ ഡിപാര്‍ട്ട്‌മെന്റിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

അതേസമയം, രാജ്യത്ത് അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത പര്യാപ്തമാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

Latest