Connect with us

From the print

ഫലസ്തീൻ നയത്തിലെ വൈരുധ്യം യു എസ് വിദേശകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

ഗസ്സയിൽ ഇസ്‌റാഈൽ കൂട്ടക്കുരുതി തുടരുന്നത് അമേരിക്കയുടെ പരാജയം

Published

|

Last Updated

വാഷിംഗ്ടൺ | യു എസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഇസ്‌റാഈൽ- ഫലസ്തീൻകാര്യ വിദഗ്ധനുമായ ആൻഡ്ര്യൂ മില്ലർ രാജിവെച്ചു. അമേരിക്കയുടെ ഫലസ്തീൻ നയത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി അസ്സിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതെന്നാണ് വിവരം. എന്നാൽ വ്യക്തിപരമായ വിഷയങ്ങൾ കാണിച്ചാണ് രാജിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.

ഗസ്സയിൽ ഇസ്‌റാഈൽ കൂട്ടക്കുരുതി തുടരുന്നത് അമേരിക്കയുടെ പരാജയമാണെന്ന് മില്ലർ തുറന്നടിച്ചുവെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്‌റാഈലിനെ മുമ്പൊരിക്കലുമില്ലാത്ത വിധം പിന്തുണക്കുകയാണെന്ന വിലയിരുത്തലാണ് മില്ലർ പങ്കുവെക്കുന്നതെന്ന് അദ്ദേഹത്തിന്റെ രാജി വാർത്ത ആദ്യം പുറത്തുവിട്ട വാഷിംഗ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു. വെടിനിർത്തൽ പ്രമേയം വന്നിട്ടും ഗസ്സയിൽ നിന്ന് പിൻവാങ്ങാൻ ഇസ്‌റാഈൽ കൂട്ടാക്കാത്തത് ധിക്കാരമാണെന്ന് മില്ലർ വാദിച്ചുവെന്നും പോസ്റ്റ് റിപോർട്ട് ചെയ്തു.
അമേരിക്കയുടെ ഇസ്‌റാഈൽ അനുകൂല നയത്തിൽ പ്രതിഷേധിച്ച് ബൈഡൻ ഭരണകൂടത്തിൽ നിന്ന് നേരത്തേയും രാജികളുണ്ടായിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ മേധാവി സ്ഥാനം വലിച്ചെറിഞ്ഞവരുമുണ്ട്. മേജർ ഹാരിസൺ മാൻ രാജിവെച്ചത് ഇസ്‌റാഈൽ ആക്രമണത്തിന് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് കഴിഞ്ഞ നവംബറിലാണ് മേജർ ഹാരിസൺ രാജിവെച്ചത്.

ഫെബ്രുവരിയിൽ വാഷിംഗ്ടണിലെ ഇസ്‌റാഈൽ എംബസിക്കു പുറത്ത് തീക്കൊളുത്തി മരിച്ച യു എസ് വ്യോമസേനാ ഉദ്യോഗസ്ഥൻ ആരോൺ ബുഷ്‌നെല്ലും രൂക്ഷ വിമർശമാണ് ബൈഡൻ ഭരണകൂടത്തിനെതിരെ ഉന്നയിച്ചത്. ഇസ്‌റാഈൽ നയത്തിന്റെ കാര്യത്തിൽ ബൈഡൻ ഭരണകൂടത്തിൽ ഭിന്നത രൂക്ഷമാണെന്നും ഇതിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് മില്ലറുടെ രാജിയെന്നും അൽ ജസീറയുടെ കിംബർലി ഹാൽകട്ട് വിലയിരുത്തുന്നു.
അധിനിവിഷ്ട വെസ്റ്റ്‌ബേങ്കിൽ ഫലസ്തീൻ പൗരൻമാരെ ആക്രമിച്ച ഇസ്‌റാഈൽ കൈയേറ്റക്കാർക്കും അവരുടെ നേതാക്കൾക്കുമെതിരെ യു എസ് ചുമത്തിയ ഉപരോധത്തിൽ നിർണായക പങ്കുവഹിച്ചത് ആൻഡ്ര്യൂ മില്ലറായിരുന്നു.

ഫെബ്രുവരിയിലാണ് ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറങ്ങിയത്. യു എന്നിലെ യു എസ് സ്ഥാനപതിയുടെ മുഖ്യ ഉപദേശകനായി മില്ലർ പ്രവർത്തിച്ചിരുന്നു. ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിലിന് കീഴിൽ ഈജിപ്ത്, ഇസ്‌റാഈൽ വിഷയങ്ങൾക്കായുള്ള സമിതിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം.

Latest