Connect with us

guruvayoor temple

ലേലത്തിൽ പിടിച്ച ഗുരുവായൂരിലെ 'ഥാർ' വിട്ടുകൊടുക്കുന്നതിൽ ആശയക്കുഴപ്പം

പുനരാലോചിക്കേണ്ടിവരുമെന്ന് ദേവസ്വം. ലേലം കൊണ്ടത് 15.10 ലക്ഷത്തിന്

Published

|

Last Updated

ഗുരുവായൂർ | ഗുരുവായൂർ ദേവസ്വത്തിൽ ഇന്നലെ 15.10 ലക്ഷം രൂപക്ക് ലേലത്തിൽ പോയ മഹീന്ദ്ര ഥാർ വിട്ടുകൊടുക്കുന്നതിൽ ആശയക്കുഴപ്പം. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ് യു വി മോഡലായ ഥാർ ലിമിറ്റഡ് എഡിഷൻ വാഹനമാണ് ലേലത്തിൽ പോയത്. എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് വാഹനം ലേലത്തിൽ പിടിച്ചത്.

21കാരനായ അമൽ മുഹമ്മദിന് സമ്മാനമായി നൽകാനാണ് പിതാവ് ഥാർ ലേലത്തിൽ പിടിച്ചത്. അമൽ മുഹമ്മദിന്റെ പിതാവ് മുഹമ്മദലിയുടെ സുഹൃത്ത് സുഭാഷ് പണിക്കറാണ് ലേലത്തിൽ പങ്കെടുത്തത്. മുഹമ്മദലി കുടുംബസമേതം ബഹ്‌റൈനിലാണ് താമസിക്കുന്നത്.

വാഹനം ലേലത്തിൽ പിടിക്കാൻ ഒരാൾ മാത്രമേ എത്തിയിരുന്നുള്ളൂവെന്നത് ശ്രദ്ധേയമാണ്. ഓൺലൈനായും ലേലത്തിന് ആരും പങ്കെടുത്തിട്ടില്ല. അടിസ്ഥാന വിലയായ 15 ലക്ഷത്തിൽ നിന്ന് 10,000 രൂപ കൂടുതൽ വിളിച്ചാണ് ഇവർ ലേലം ഉറപ്പിച്ചത്.

ലേലത്തിന് പിന്നാലെ ലേലത്തെച്ചൊല്ലി തർക്കവും ആരംഭിച്ചു. അടിസ്ഥാന വിലയിൽ നിന്ന് 10,000 രൂപ മാത്രം കൂടുതൽ വിളിച്ച് വാഹനം ലേലത്തിൽ പോയ സാഹചര്യത്തിലാണിത്. 21 ലക്ഷം വരെ മുടക്കി ഥാർ ലേലത്തിൽ പിടിക്കാൻ തയ്യാറായിരുന്നു എന്ന സുഭാഷിന്റെ പ്രതികരണവും വിവാദത്തിന് വഴിമരുന്നിട്ടിരിക്കയാണ്. അതേസമയം, ലേലം ഉറപ്പിച്ച ശേഷം നിലപാട് മാറ്റുന്നത് ശരിയല്ലെന്ന് വാഹനം ലേലത്തിൽ പിടിച്ച അമൽ മുഹമ്മദിന്റെ പ്രതിനിധി സുഭാഷ് പണിക്കർ പറഞ്ഞു. വാഹനം വിട്ടുനൽകുന്നത് പുനരാലോചിക്കേണ്ടിവരുമെന്ന് ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു.

ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോർ വീൽ ഡ്രൈവ് ഓപ്ഷനാണ് ഗുരുവായൂർ നടയിൽ കാണിക്കയായി മഹീന്ദ്ര സമർപ്പിച്ചത്. ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിച്ചത്.
2020 ഒക്ടോബർ രണ്ടിന് വിപണിയിൽ എത്തിയ ഈ വാഹനം ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം വിൽപനയുള്ള ഫോർ വീൽ ഡ്രൈവ് വാഹനമെന്ന വിശേഷണം നേടിയിട്ടുണ്ട്. 13 മുതൽ 18 ലക്ഷം വരെയാണ് വാഹനത്തിന്റെ വിപണിവില. 2,200 സിസിയാണ് എൻജിൻ.

Latest