Connect with us

From the print

ഹരിയാനയിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ്സ്- എ എ പി ധാരണ

പ്രഖ്യാപനം ഇന്നുണ്ടായേക്കും

Published

|

Last Updated

ചണ്ഡീഗഢ് | അടുത്ത മാസം അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ്സും എ എ പിയും ധാരണയിലെത്തിയതായി റിപോർട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് എ എ പി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ്സിലെ ദീപക് ബബാരിയയും എ എ പി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള ചർച്ചകൾ അനുകൂല ദിശയിലാണ് പുരോഗമിക്കുന്നത്. അഞ്ച് സീറ്റുകളിൽ മത്സരിക്കാൻ എ എ പി സമ്മതിച്ചുവെന്നാണ് വിവരം.
അതേസമയം, കോൺഗ്രസ്സും എ എ പിയും കക്ഷി താത്പര്യങ്ങൾ മാറ്റിവെച്ച് സംസ്ഥാന തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് രാഘവ് ഛദ്ദ പറഞ്ഞു. സഖ്യം സംബന്ധിച്ച് ഇതുവരെ സമവായത്തിൽ എത്തിയിട്ടില്ലെങ്കിലും ചർച്ചകൾ അനുകൂലമായ ദിശയിലാണ് പുരോഗമിക്കുന്നത്. വിജയ സാധ്യതയില്ലെങ്കിൽ സഖ്യവുമായി മുന്നോട്ടു പോകില്ലെന്നും ഛദ്ദ വ്യക്തമാക്കി. “രണ്ട് പാർട്ടികൾക്കും സഖ്യത്തിന് ആഗ്രഹവും പ്രതീക്ഷയുമുണ്ടെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. അതിന് മുന്പ് ഒരു തീരുമാനത്തിലെത്തും’- ഹരിയാനയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപക് ബബാരിയയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി സഖ്യകക്ഷികളായ കോൺഗ്രസ്സും എ എ പിയും ഡൽഹി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ ധാരണയിലെത്തിയിരുന്നു. ഹരിയാനയിൽ എ എ പി സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്ത മത്സരിച്ചെങ്കിലും ബി ജെ പിയുടെ നവീൻ ജിൻഡാലിനോട് പരാജയപ്പെട്ടു.