National
ആദ്യഘട്ടത്തിലെ കോൺഗ്രസ് ആധിപത്യം നഷ്ടമായി; മാറിമറിഞ്ഞ് ഹരിയാന; കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷ പ്രകടനങ്ങൾ നിർത്തി
ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷമാണ് നടക്കുന്നത്.

ന്യൂഡല്‍ഹി| ആദ്യഘട്ടത്തിൽ ബഹുദൂരം മുന്നിലായിരുന്ന കോൺഗ്രസ് പിറകോട്ട് പോയതോടെ ഹരിയായന നിയമസഭാ ഫലം ഫോട്ടോ ഫിനിഷിലേക്ക്. ഇതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ ലഡു വിതരണവും ആഘോഷപ്രകടനങ്ങളും നിർത്തിവെച്ചു.
ഹരിയാന, ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോൾ വ്യക്തമായ വിജയപ്രതീക്ഷയിലായുരുന്നു കോണ്‍ഗ്രസ്. ഹരിയാനയിലെ ലീഡ് നിലയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിൽ കേവല ഭൂരിപക്ഷം മറികന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലായി. എന്നാൽ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടതോടെ ചിത്രം മാറി. ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ബിജെപിയാണ് ഒരൽപം മുന്നിലുള്ളത്.
ജമ്മു കാശ്മീരിൽ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം.
ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും ഹരിയാനയിൽ ഭുപീന്ദർ ഹൂഡയുടെ വീട്ടിലും ഉൾപ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു. എഐസിസി ആസ്ഥാനത്ത് മുദ്രാവാക്യം വിളിച്ചും ലഡ്ഡു വിതരണം ചെയ്തുകൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തോഷം പ്രകടിപ്പിച്ചു. ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷമാണ് നടന്നിരുന്നത്. എന്നാൽ ചിത്രം മാറിമറിഞ്ഞത് പൊടുന്നനെയായിരുന്നു.