National
മന്‍മോഹന്‍ സിംഗിനോടും കുടുംബത്തോടും കേന്ദ്രം അവഗണന കാണിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്സ്
വീഡിയോ ചിത്രീകരണം മുതല്‍ സംസ്‌കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിംഗിനോടും കുടുംബത്തോടും അവഗണന കാണിച്ചുവെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
ന്യൂഡല്‍ഹി | അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷം. വീഡിയോ ചിത്രീകരണം മുതല്‍ സംസ്‌കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിംഗിനോടും കുടുംബത്തോടും അവഗണന കാണിച്ചുവെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
ദൂരദര്‍ശന് മാത്രമാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര ആരോപിച്ചു. മന്‍മോഹന്‍ സിംഗിന്റെ കുടംബാംഗങ്ങള്‍ക്കു പകരം ദൃശ്യങ്ങള്‍ കാണിക്കുന്നതിനു പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശനില്‍ പ്രധാനമായും കാണിച്ചത്.
മുന്‍നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് അനുവദിച്ചത്. പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും പവന്‍ ഖേര കുറ്റപ്പെടുത്തി.
ദേശീയ പതാക മന്‍മോഹന്‍ സിംഗിന്റെ ഭാര്യക്ക് കൈമാറിയപ്പോള്‍ പ്രധാന മന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ലെന്ന ആരോപണവും പവന്‍ ഖേര ഉയര്‍ത്തി. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു. സംസ്‌കാര സ്ഥലത്ത് അല്‍പം സ്ഥലം മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതെന്നും പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും വാര്‍ത്താകുറിപ്പില്‍ പവന്‍ ഖേര ആരോപിച്ചു.