Kerala
കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി; ബീച്ച് ആശുപത്രിക്ക് എതിർവശത്ത് നടത്തും
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് നടക്കുന്നതിന്റെ ഭാഗമായി അനുമതി നിഷേധിക്കപ്പെട്ട റാലിക്ക് പുതിയ സ്ഥലം കണ്ടെത്തിയതോടെയാണ് അനുമതി നൽകിയത്.
കോഴിക്കോട് | കോൺഗ്രസ് ഈ മാസം 23ന് പ്രഖ്യാപിച്ച ഫലസ്തീൻ അനുകൂല റാലിക്ക് ജില്ലാ കലക്ടർ അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് നടക്കുന്നതിന്റെ ഭാഗമായി അനുമതി നിഷേധിക്കപ്പെട്ട റാലിക്ക് പുതിയ സ്ഥലം കണ്ടെത്തിയതോടെയാണ് അനുമതി നൽകിയത്. ബീച്ച് ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലത്താകും റാലി നടത്തുക.
ബീച്ചിൽ നടക്കാനിരിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് തടസ്സം വരുമെന്ന കാരണത്താലാണ് റാലിക്ക് നേരത്തെ ജില്ലാഭരണകൂടം അനുമതി നിഷേധിച്ചത്. റാലിക്ക് വേദി അനുവദിക്കാത്തതിൽ വിശദീകരണവുമായി കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ സിംഗ് രംഗത്തെത്തിയിരുന്നു.
നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുതെന്നും ബീച്ചിൽ മറ്റൊരിടത്ത് റാലി നടത്താൻ തടസ്സമില്ലെന്നും കളക്ടർ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഡി സി സി മറ്റൊരു സ്ഥലം കണ്ടെത്തി കലക്ടർക്ക് അപേക്ഷ നൽകിയത്.