Connect with us

Editorial

ഹര്‍ത്താലിനോട് വിട പറഞ്ഞ് കോണ്‍ഗ്രസ്സ്

നിയമപരമായ വിലക്കിന് കാത്തുനില്‍ക്കാതെ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ദുരിതങ്ങളും സംസ്ഥാനത്തിന് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും കണക്കിലെടുത്ത് രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങള്‍ സ്വയമേവ ഈ സമരമുറയോട് വിട പറയുകയാണ് വേണ്ടത്. കെ പി സി സി പ്രസിഡൻ്റിൻ്റെ തീരുമാനം ഇക്കാര്യത്തില്‍ മാതൃകാപരമാണ്.

Published

|

Last Updated

ജനദ്രോഹ സമരമുറയായ ഹര്‍ത്താല്‍ ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ്സ് കേരള ഘടകത്തിൻ്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങളിലേക്ക് പോകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ, കെ സുധാകരനാണ്, കെ പി സി സി അധ്യക്ഷസ്ഥാനത്ത് താന്‍ ഇരിക്കുന്നിടത്തോളം കാലം കേരളത്തില്‍ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ നടത്തില്ലെന്ന് വ്യക്തമാക്കിയത്.

ഹര്‍ത്താല്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരളീയ സമൂഹം. സംസ്ഥാന വ്യാപകമായും പ്രാദേശികമായും നിരവധി ഹര്‍ത്താലുകളാണ് ഓരോ വര്‍ഷവും സംസ്ഥാനത്ത് നടന്നുവരുന്നത്. ഹര്‍ത്താലിൻ്റെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്. ഗൗരവതരമല്ലാത്ത, നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഹര്‍ത്താല്‍ പ്രഖ്യാപനം പതിവാണ് സംസ്ഥാനത്ത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കിള്‍ പാര്‍ട്ടികളും സംഘടനകളും വരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. അക്രമവും സാമ്പത്തിക നഷ്ടവും പേടിച്ച് വ്യാപാരികള്‍ കട അടച്ചിടുകയും പൊതുവാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുകയും ചെയ്യുന്നതോടെ ജനജീവിതം സ്തംഭിക്കുകയും ഹര്‍ത്താല്‍ ആഹ്വാനക്കാരുടെ ഭാഷയില്‍ സമരം ഗംഭീര വിജയമാകുകയും ചെയ്യുന്നു. സംഘബലമുള്ള സംഘടനകളോ പാര്‍ട്ടികളോ ആകണമെന്നില്ല, ആര് നടത്തിയാലും കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കും. ഏതോ കുബുദ്ധികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്ക് പോലും കേരളത്തെ സ്തംഭിപ്പിക്കാനാകുമെന്നതാണ് അവസ്ഥ.

ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമാണ് ഹര്‍ത്താല്‍. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരേ കല്ലേറ്, കൈയാങ്കളി തുടങ്ങിയ പ്രത്യക്ഷ അക്രമങ്ങള്‍ മാത്രമല്ല, പരോക്ഷ ആക്രമണങ്ങളും നിരവധി അരങ്ങേറുന്നുണ്ട് ഹര്‍ത്താലില്‍. ബലമായി വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുക, വാഹനങ്ങളെ നിരത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുക, രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുക, വിദ്യാര്‍ഥികളെ പഠിക്കാനും പരീക്ഷയെഴുതാനും സമ്മതിക്കാതിരിക്കുക, ഉദ്യോഗസ്ഥരെ ഓഫീസില്‍ പോകാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഹര്‍ത്താലില്‍ നടക്കുന്ന പരോക്ഷ ഹിംസകളും അക്രമങ്ങളുമാണ്.

ഹര്‍ത്താലുകളുടെയും അക്രമ സമരങ്ങളുടെയും നാട് എന്ന അപഖ്യാതി കേരളത്തിൻ്റെ വികസന മേഖലയിലും വിപരീതഫലം സൃഷ്ടിക്കുന്നുണ്ട്; ടൂറിസ വ്യവസായത്തില്‍ വിശേഷിച്ചും. വിദേശികള്‍ ആശങ്കയോടെയാണ് കേരള സന്ദര്‍ശനത്തിനെത്തുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് അടിക്കടി ഹര്‍ത്താലുകളും അക്രമ സമരമുറകളും നടന്നപ്പോള്‍, കേരളം സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി പല വിദേശ രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം സന്ദര്‍ശിക്കുമ്പോള്‍ മാധ്യമ വാര്‍ത്തകള്‍ നിരന്തരം വിലയിരുത്തണമെന്നും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നുമായിരുന്നു ബ്രിട്ടൻ്റെ മുന്നറിയിപ്പ്. കേരളത്തില്‍ പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സര്‍വീസുകളും ഏത് നിമിഷവും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പായിരുന്നു അമേരിക്ക നല്‍കിയത്. കേരളത്തിന് ഏറെ പ്രതീക്ഷയുള്ള മേഖലയാണ് ടൂറിസം. ഹര്‍ത്താലുകളുടെ ആധിക്യം വിനോദ സഞ്ചാരികളെ കേരളത്തില്‍ നിന്നകറ്റുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനും സമരം നടത്താനും അനുവാദമുണ്ടെന്ന ന്യായമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മുന്‍വെക്കാറുള്ളത്.

ഇതുപക്ഷേ മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുതെന്ന വസ്തുത അവര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു. ഹര്‍ത്താലില്‍ ജനങ്ങള്‍ സ്വമേധയാ സഹകരിക്കുകയോ പങ്കെടുക്കുകയോ അല്ല, ഭയംമൂലം അതുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ് ഭയപ്പെടുത്തി ജനജീവിതം സ്തംഭിപ്പിക്കുന്നത.് ആവശ്യങ്ങള്‍ നേടിയെടുക്കാനും സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പുകള്‍ രേഖപ്പെടുത്താനും ജനദ്രോഹപരമല്ലാത്ത പരിഹാര മാര്‍ഗങ്ങളും സമരമുറകളും നിരവധിയുണ്ട്. പ്രശ്‌നങ്ങള്‍ അധികാര കേന്ദ്രങ്ങളുമായി മുഖാമുഖം ചര്‍ച്ച നടത്തി പരിഹരിക്കുകയോ സമാധാനപരമായ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയോ ചെയ്യാം. ഇതുകൊണ്ടൊന്നും അധികാരികള്‍ വഴങ്ങിയില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കാകുന്നതാണ്. ഹര്‍ത്താല്‍ കൊണ്ട് ആവശ്യങ്ങള്‍ നേടിയെടുത്ത ഒരു ചരിത്രവും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ തൊഴിലാളി സംഘടനകള്‍ക്കോ ചൂണ്ടിക്കാണിക്കാനാകില്ല.

ഹര്‍ത്താല്‍ പൊതുജനത്തിന് സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി ചെന്നിത്തല ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചിരുന്നു. ഹര്‍ത്താലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവെ, ഹൈക്കോടതി സര്‍ക്കാറിനു നല്‍കിയ നിര്‍ദേശപ്രകാരമാണ് നിയമപരിഷ്‌കരണ കമ്മീഷൻ്റെ സഹകരണത്തോടെ ഈ ബില്‍ തയ്യാറാക്കിയത്. ഹര്‍ത്താല്‍ പ്രഖ്യാപനം മൂന്ന് ദിവസം മുമ്പെങ്കിലും ആയിരിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ അടങ്ങുന്നതായിരുന്നു പ്രസ്തുത ബില്‍. അക്രമ സാധ്യതയുണ്ടെങ്കില്‍ ഹര്‍ത്താലിന് അനുമതി നിഷേധിക്കാന്‍ സര്‍ക്കാറിന് അധികാരവുമുണ്ടായിരിക്കും. എന്നാല്‍ യു ഡി എഫ് സര്‍ക്കാറിന് അത് നിയമമാക്കാനായില്ല. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ ആ ബില്‍ പൊടിതട്ടിയെടുത്തതുമില്ല.

നിയമപരമായ വിലക്കിന് കാത്തുനില്‍ക്കാതെ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ദുരിതങ്ങളും സംസ്ഥാനത്തിന് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും കണക്കിലെടുത്ത് രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങള്‍ സ്വയമേവ ഈ സമരമുറയോട് വിട പറയുകയാണ് വേണ്ടത്. കെ പി സി സി പ്രസിഡൻ്റിൻ്റെ തീരുമാനം ഇക്കാര്യത്തില്‍ മാതൃകാപരമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഈ പാത പിന്തുടരേണ്ടതാണ്.