congress candidates
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക; കെ സുധാകരനും വി ഡി സതീശനും ഡല്‍ഹിയിലേക്ക്
സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് അന്തിമ തീരുമാനം
തിരുവനന്തപുരം | കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെ ഡല്‍ഹിയിലേക്കു വിളിക്കും.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു പരാജയ സാധ്യതയുള്ള ചിലരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി കരുത്തരായതോടെ സിറ്റിങ്ങ് എം പി മാരെ പുനപ്പരിശോധിക്കണമെന്ന നിര്‍ദ്ദേശമാണുള്ളത്. ഇതുകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. സിറ്റിങ്ങ് എം പിമാരില്‍ ചിലരെ അവസാന നിമിഷം മാറ്റുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുടെ കൂടി സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിക്കും.
സ്‌ക്രീനിങ് കമ്മിറ്റി യോഗവും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പങ്കെടുത്ത അടിയന്തര യോഗവും പൂര്‍ത്തിയായി. തീരുമാനം ഡല്‍ഹിയില്‍ ഉണ്ടാവും. യോഗത്തിലെ വിവരങ്ങളും കേരളത്തില്‍ ഇടതു സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയ സാഹചര്യവും കെ സി വേണുഗോപാല്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി എന്നിവരെ ധരിപ്പിച്ചു.
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും. വയനാട് വിടണമെന്ന് ഉത്തരേന്ത്യന്‍ നേതാക്കളില്‍ നിന്ന് സമ്മര്‍ദമുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ താത്പര്യം വയനാടിനൊപ്പമാണ്. കേരള നേതാക്കളും രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തുന്നത്. വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളില്‍ മാത്രമല്ല അനിശ്ചിതത്വം നിലനില്‍ക്കുന്നത്.