Kerala
രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി മുന്നോട്ടെന്ന് നേതൃത്വം
പ്രതിഷേധങ്ങള്‍ നിഷേധിക്കുന്നത് മോദി സര്‍ക്കാരിന്റെ സ്ഥിലം ശൈലിയാണെന്ന് കെ സി വേണുഗോപാല്‍.
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് രാജ്ഘട്ടില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍, പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കെല്ലാം അനുമതി നിഷേധിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ നിഷേധിക്കുന്നത് മോദി സര്‍ക്കാരിന്റെ സ്ഥിലം ശൈലിയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.
അല്‍പ സമയത്തിനകം സത്യഗ്രഹം ആരംഭിക്കും. വൈകിട്ട് അഞ്ച് വരെയാണ് പരിപാടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ പ്രതിഷേധ പരിപാടിക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് സത്യഗ്രഹ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രാജ്ഘട്ടില്‍ നടക്കുന്ന സമരത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഗാന്ധി പ്രതിമക്ക് മുമ്പില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
എ ഐ സി സി ആഹ്വാന പ്രകാരമുള്ള സത്യഗ്രഹ സമരവും ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഡി സി സികളുടെ നേതൃത്വത്തില്‍ സമരം നടത്തുക. തിരുവനന്തപുരം കിഴക്കേകോട്ടയിലെ സത്യഗ്രഹം ഗാന്ധിപാര്‍ക്കില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്കു മുന്നിലേത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉദ്ഘാടനം ചെയ്യും.