National
ഹിമാചലില്‍ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്; ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും
ബിജെപിയുടെ ചാക്കിട്ട് പിടുത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു
ഷിംല | തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയേക്കും. ബിജെപിയുടെ ചാക്കിട്ട് പിടുത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നുഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, എഐസിസി നിരീക്ഷകരായ ഭൂപീന്ദര്‍ ഹൂഡ സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 12നാണ് നിയമസഭകക്ഷി യോഗം.ചണ്ഡിഗഡില്‍ വച്ച് നടത്താന്‍ തീരുമാനിച്ച യോഗം ഷിംലിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്.
താക്കൂര്‍ അല്ലെങ്കില്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലില്‍ പതിവ്. നദൗന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ് വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. സുഖുവിനാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ.
വീരഭദ്ര സിംഗിന്റെ തുടര്‍ച്ചക്കായി ഭാര്യ പ്രതിഭ സിംഗിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിക്കായും മുന്‍ മുഖമന്ത്രി വീര്‍ ഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യ സിങ്ങിനായും സമ്മര്‍ദം ഉണ്ടായേക്കും.