National
ഡല്‍ഹി പിടിക്കാന്‍ കനയ്യ കുമാറിനെ ഇറക്കി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് 10 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി | ഡല്‍ഹി പിടിക്കാന്‍ ജെ എന്‍ യു വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ കുമാറിനെ ഇറക്കി കോണ്‍ഗ്രസ്. ഇന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നല്‍കിയത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിലാകും കനയ്യയുടെ പോരാട്ടം.
സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍ കഴിഞ്ഞ തവണ ബീഹാറിലെ ബഗുസരായില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പിന്നീട് സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇന്ന് രാത്രി ഒമ്പത് മണിയോടെ എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാര്‍ത്താക്കുറിപ്പിലാണ് കനയ്യയുടെ സീറ്റിന്റെ പ്രഖ്യാപനം വന്നത്.
കനയ്യ അടക്കം 10 സ്ഥാനാര്‍ഥികളെയാണ് ഇന്ന് എ ഐ സി സി പ്രഖ്യാപിച്ചത്.
ജെ എന്‍ യുവില്‍ പഠിച്ചു വളര്‍ന്ന യുവ നേതാവിനെ ഡല്‍ഹിയില്‍ ജനവിധി തേടാന്‍ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. പഞ്ചാബിലെ ജലന്ധറില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ജനവിധി തേടും. ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ദളിത് നേതാവ് ഉദിത് രാജ് മത്സരിക്കും.