Kerala
ജോജുവിനെതിരായ നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്; സമവായ സാധ്യതകള്‍ മങ്ങുന്നു
കൊച്ചി | ഇന്ധന വില വര്‍ധനക്കെതിരെ വൈറ്റിലയില്‍ നടന്ന ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സമവായ സാധ്യതകള്‍ മങ്ങുന്നു. ജോജുവിനെതിരായ നിലപാടില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ഉറച്ചുനില്‍ക്കുകയാണ്. കൂടുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എറണാകുളം ഡി സി സി. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലാകാനുള്ള ആറ് പ്രതികള്‍ പോലീസ് മുമ്പാകെ ഹാജരാവണോ എന്ന വിഷയത്തില്‍ നാളെ കോണ്‍ഗ്രസ് തീരുമാനമെടുക്കും. ജോജുവിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമര പരിപാടികള്‍ നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. നാളെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ചക്രസ്തംഭന സമരത്തിന് ശേഷമാകും തുടര്‍ന്നുള്ള നിയമ നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ഉണ്ടായ പ്രശ്‌നങ്ങളില്‍ പരസ്പരം ഖേദം പ്രകടിപ്പിച്ച് കേസ് ഒഴിവാക്കാനായിരുന്നു ഇരുകൂട്ടരുടെയും നീക്കം. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളും ജോജു ജോര്‍ജിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ധാരണയായെങ്കിലും കെ സുധാകരന്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിനെതിരെ വിമര്‍ശനം കടുപ്പിച്ചതാണ് തിരിച്ചടിയായത്. സംഭവത്തെ പിന്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകള്‍ മരവിച്ചിച്ച് പരസ്യ പ്രതികരണങ്ങളില്‍ നിന്ന്് മാറിനില്‍ക്കുകയാണ് ജോജു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളോ മുതിര്‍ന്ന താരങ്ങളോ ഇടപെടുമെന്ന സൂചന ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങളും നിലവില്‍ ഇല്ല.