Connect with us

congress a group meeting

സതീശന്റെ വസതിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം

മിന്നല്‍ പരിശോധനയുമായി കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം | സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം. വിവരം അറിഞ്ഞ് കെ സുധാകരന്റെ നിര്‍ദേശ പ്രകാരം കെ പി സി സി പ്രതിനിധി മിന്നല്‍ പരിശോധന നടത്തി.

കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ ഇന്നലെ രാത്രിയാണ് കെ പി സി സി പ്രസിഡന്റ് പരിശോധനക്ക് ആളെ വിട്ടത്്.സംഘടനാ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, കെ പി സി സി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധനക്ക് എത്തിയത്. കെ പി സി സി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു.

ഡി സി സി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എം വാഹിദ്, വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍, യൂജിന്‍ തോമസ് എന്നിവരാണ് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഉണ്ടായിരുന്നത്.

നടന്നത് ഗ്രൂപ്പ് യോഗമല്ലെന്നും വെറുതെ ഒന്ന് ഇരുന്നതാണെന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെ പി സി സി നേതൃത്വം.