Kerala
തൃണമൂലുമായി ബാന്ധവമാകാമെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്; പി വി അന്‍വര്‍ യു ഡി എഫിലേക്ക്
പ്രാദേശിക സഖ്യങ്ങള്‍ക്ക് ദേശീയ നിലപാട് ബാധകമല്ലെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്.

തിരുവനന്തപുരം | പി വി അന്‍വര്‍ യു ഡി എഫിലേക്ക്. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെയാണിത്. മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം.
നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും അതുവഴി പി വി അന്‍വറിനെയും മുന്നണിയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയത്. വിഷയത്തില്‍ ഏപ്രില്‍ 24ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്‍വറുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാകും ചര്‍ച്ച.
പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ്സ് കേരളത്തില്‍ മറിച്ചൊരു സമീപനം സ്വീകരിച്ചിരിക്കുകയാണ്. തന്നെ മുന്നണിയുടെ ഭാഗമാക്കിയാല്‍ മാത്രമേ നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കൂവെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയാണ് അന്‍വര്‍. ഇത് കണക്കിലെടുത്താണ് കോണ്‍ഗ്രസ്സ് തീരുമാനം. പ്രാദേശിക സഖ്യങ്ങള്‍ക്ക് ദേശീയ നിലപാട് ബാധകമല്ലെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് പറയുന്നത്.