Connect with us

National

നികുതി പുനര്‍നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയ നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി|ആദായ നികുതി വകുപ്പ് ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച കോടതി കോണ്‍ഗ്രസിന്റെ ഹരജി തള്ളുകയായിരുന്നു. നികുതി പുനര്‍നിര്‍ണ്ണയം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹരജി തള്ളിയതോടെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ സമീപകാലത്തെങ്ങും പ്രവര്‍ത്തന ക്ഷമമായേക്കില്ലെന്നാണ് വിവരം.

2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയ നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. 520 കോടിയില്‍ അധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.

നേരത്തെ ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. നാല് ബേങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയാണ് പാര്‍ട്ടി നേതൃത്വം നേരിടുന്നത്.

 

 

 

Latest