Connect with us

articles

അയോധ്യയിലെ കോണ്‍ഗ്രസ്സ്; ബി ജെ പിയുടെ ദുര്‍മോഹങ്ങള്‍

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് അമ്പലം പണിതിരിക്കുന്നത്. അത് മറ്റേത് പാര്‍ട്ടി മറന്നാലും കോണ്‍ഗ്രസ്സ് മറക്കരുത്. കോണ്‍ഗ്രസ്സിന്റെ നിസ്സംഗതയിലാണ് അത് സംഭവിച്ചത്. അതില്‍ അല്‍പ്പമെങ്കിലും പശ്ചാത്താപം പാര്‍ട്ടിക്കുണ്ടെങ്കില്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ്സ് നിരസിക്കണം.

Published

|

Last Updated

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച രണ്ട് സ്ഥാപനങ്ങളുണ്ട്. ഒന്ന്, ഗോരഖ്പൂരിലെ ഗീതാ പ്രസ്സ്. രണ്ട്, സര്‍ക്കാര്‍ വിലാസം ദൂരദര്‍ശന്‍. ആര്‍ എസ് എസിന്റെ “ഹിന്ദു ഇന്ത്യ’ ആശയത്തെ ഗീതാ പ്രസ്സ് എങ്ങനെയാണ് സഹായിച്ചത് എന്ന് വിശദമാക്കുന്ന പുസ്തകം “ഗീതാ പ്രസ്സ് ആന്‍ഡ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ വിപണിയില്‍ ലഭ്യമാണ്. അക്ഷയ മുകുളിന്റെ ആ ഗവേഷണ പുസ്തകത്തെയും ഗീതാ പ്രസ്സിനെയും കുറിച്ച് ഇതേ കോളത്തില്‍ മുമ്പ് എഴുതിയിട്ടുണ്ട്. ആകയാല്‍ നമുക്ക് ദൂരദര്‍ശനിലേക്ക് തിരിയാം.
1987 ജനുവരി 25 മുതല്‍ 1988 ജൂലൈ 31 വരെയാണ് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത്. ഒരുകോടിയിലേറെ ആളുകള്‍ സീരിയല്‍ കണ്ടു എന്നാണ് കണക്ക്. ദൂരദര്‍ശന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത പരമ്പരയായിരുന്നു രാമായണം. 87 എപ്പിസോഡുകളിലായാണ് അത് സംപ്രേഷണം ചെയ്തത്. രാജീവ് ഗാന്ധിയായിരുന്നു അക്കാലം അധികാരത്തില്‍. ഹിന്ദു സമുദായത്തെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടായിരുന്നു അന്നത്തെ ഭരണകൂടത്തിന്. അതിനു കണ്ടെത്തിയ വഴികളിലൊന്നായിരുന്നു രാമായണം സീരിയല്‍. ബാബരി മസ്ജിദിനെ മുന്‍നിര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ രംഗം കൊഴുപ്പിക്കുന്ന കാലമാണ്. രാമഭക്തിയില്‍ ആരാണ് മുമ്പിലെന്ന് കോണ്‍ഗ്രസ്സിന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ആ രാഷ്ട്രീയ കാലാവസ്ഥയുടെ കൂടി സൃഷ്ടി ആയിരുന്നു രാമായണം സീരിയല്‍. പക്ഷേ വിതച്ചത് കോണ്‍ഗ്രസ്സ് എങ്കിലും കൊയ്തത് ബി ജെ പിയാണ്.

അരുണ്‍ ഗോവില്‍ എന്ന നടനാണ് പരമ്പരയില്‍ ശ്രീരാമനായി വേഷമിട്ടത്. അദ്ദേഹം തനിക്ക് വാരാണസിയില്‍ ഉണ്ടായ ഒരനുഭവം പിന്നീട് പങ്കുവെച്ചിട്ടുണ്ട്. അവിടെ അദ്ദേഹത്തെ കാണാനെത്തിയത് പത്ത് ലക്ഷം പേരാണ്. വെറുമൊരു നടനെ കാണാനുള്ള ആള്‍ക്കൂട്ടമല്ല അത്. മറിച്ച് ഭഗവാനായി വേഷമിട്ട, അതുകൊണ്ട് തന്നെ ദൈവിക പ്രാധാന്യമുള്ള ഒരാളെ ദര്‍ശിക്കാനാണ് പത്ത് ലക്ഷം പേര്‍ നഗരത്തില്‍ തടിച്ചുകൂടിയത്. താരത്തിനുള്ള ഈ സ്വീകാര്യതയെ ഉപയോഗപ്പെടുത്താന്‍ 1988ലെ അലഹബാദ് ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചതും ഓര്‍ക്കാവുന്നതാണ്. ജന്‍മോര്‍ച്ചയുടെ ബാനറില്‍ വി പി സിംഗും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി സുനില്‍ ശാസ്ത്രിയുമായിരുന്നു അങ്കത്തിനിറങ്ങിയത്. വി പി സിംഗ് രാജീവ് ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ കാലമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തേണ്ടത് അഭിമാന പ്രശ്‌നമായി രാജീവ് ഗാന്ധി കണ്ടു. അന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തിനായി അരുണ്‍ ഗോവിലിനെ ഇറക്കുന്നുണ്ട് കോണ്‍ഗ്രസ്സ്. എന്നിട്ടും, വി പി സിംഗിന്റെ ജനപ്രീതിയെ മറികടക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. സുനില്‍ ശാസ്ത്രിക്ക് വലിയ വോട്ടുവ്യത്യാസത്തില്‍ പരാജയം രുചിക്കേണ്ടി വന്നു.

പക്ഷേ, ആ ഒരൊറ്റ സീരിയല്‍ കൊണ്ട് സംഘ്പരിവാറിനുണ്ടായ നേട്ടം ചെറുതല്ല. എന്തുകൊണ്ട് രാമജന്മഭൂമി പ്രസ്ഥാനം ആവശ്യമാണ് എന്ന് മറ്റൊരു മാധ്യമം ഉപയോഗിച്ചും വിശദീകരിക്കേണ്ടതില്ലാത്ത വിധം ഹൈന്ദവ മനസ്സുകളില്‍ “അയോധ്യയിലെ’ ശ്രീരാമനെ സ്ഥാപിക്കാന്‍ രാമായണം പരമ്പരക്ക് സാധിച്ചു. സീരിയല്‍ സമയത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ടെലിവിഷന്‍ വ്യാപകമല്ല. റെയില്‍വേ സ്റ്റേഷനുകളിലെ ടി വിയിലൂടെ സീരിയല്‍ കാണാനുള്ള സൗകര്യത്തിനാണ് ട്രെയിനുകള്‍ നിര്‍ത്തിയിട്ടത്. ഹിന്ദുമത വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം ടെലിവിഷന് മുമ്പില്‍ ഇരിക്കുന്നത് അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ അയോധ്യാ പ്രക്ഷോഭത്തിന് ഇന്ത്യയിലെ സാമാന്യ ഹിന്ദുജനത്തില്‍ നിന്ന് അഭൂതപൂര്‍വമായ പിന്തുണ കിട്ടുന്നത് ഈ സീരിയലിന്റെ സംപ്രേഷണത്തോടെയാണ് എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിനോടൊപ്പം ഹിന്ദുമത വിശ്വാസികളെ ഉറപ്പിച്ചുനിര്‍ത്താനുള്ള രാജീവ് ഗാന്ധിയുടെ തന്ത്രം ഫലത്തില്‍ ഗുണം ചെയ്തത് സംഘ്പരിവാറിനാണ്. സര്‍ക്കാര്‍ ചെലവില്‍ രാമജന്മ ഭൂമി പ്രസ്ഥാനത്തിന് ഗതിവേഗം കിട്ടി എന്നതാണ് ഈ സീരിയലിന്റെ ഫലശ്രുതി. അരുണ്‍ ഗോവില്‍ 2021 മാര്‍ച്ചില്‍ ബി ജെ പിയില്‍ അംഗത്വം നേടിയതാണ് മറ്റൊരു വിശേഷം.
അക്കിടികളില്‍ നിന്ന് അക്കിടികളിലേക്കും അബദ്ധങ്ങളില്‍ നിന്ന് ഭീമാബദ്ധങ്ങളിലേക്കുമുള്ള യാത്രയായിരുന്നു കോണ്‍ഗ്രസ്സിന്റെ അയോധ്യാകാണ്ഡം. അയോധ്യയില്‍ ആദ്യമായി മതത്തെ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിച്ചതും കോണ്‍ഗ്രസ്സ് ആണ്. സോഷ്യലിസ്റ്റ് നേതാവ് ആചാര്യ നരേന്ദ്രദേവ് 1948ല്‍ പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് ഫൈസാബാദില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ജി ബി പന്ത് ആയിരുന്നു യു പി മുഖ്യമന്ത്രി. നരേന്ദ്ര ദേവ് 13 സാമാജികര്‍ക്കൊപ്പം കോണ്‍ഗ്രസ്സ് വിട്ടത് തനിക്ക് ക്ഷീണമല്ല എന്ന് തെളിയിക്കേണ്ടിയിരുന്നു ജി ബി പന്തിന്. അത്തവണ കോണ്‍ഗ്രസ്സിനു വേണ്ടി പന്ത് മത്സരത്തിനിറക്കിയത് കടുത്ത ഹിന്ദുത്വവാദിയായ ബാബാ രാഘവ ദാസിനെയാണ്. ബാബരി മസ്ജിദ് വിഷയത്തില്‍ ഹിന്ദുമഹാസഭയുടെ അതേ നിലപാടായിരുന്നു രാഘവ ദാസിന്റേത്. ഹിന്ദു വൈകാരികതയാണ് വോട്ടുപിടിത്തത്തിന് അന്ന് പന്ത് കളത്തിലിറക്കിയ അപകടകരമായ ആയുധം. അത് വിജയം കണ്ടു. ബാബാ രാഘവദാസ് ആചാര്യ നരേന്ദ്ര ദേവിനെ ആയിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പില്‍ക്കാലത്ത് എന്ത് സംഭവിച്ചു എന്ന് ചരിത്രത്തിലുണ്ട്. അയോധ്യയില്‍ ഹിന്ദുത്വ താത്പര്യം സംരക്ഷിക്കാനിറങ്ങിയ കോണ്‍ഗ്രസ്സ് യു പിയുടെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് തന്നെ മാഞ്ഞുപോയി. ശ്രീരാമനെ വി എച്ച് പി ഏറ്റെടുത്തു. രാമക്ഷേത്രത്തിനായി അവര്‍ മുറവിളി ഉയര്‍ത്തി. ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ രാജീവ് ഗാന്ധിയുടെ കാലത്ത് പള്ളിവാതിലുകള്‍ തുറന്നുകൊടുത്തു. മറ്റൊരു കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി നരസിംഹ റാവു പള്ളി തകര്‍ക്കാന്‍ ഹിന്ദുത്വര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു.

ബാബരി മസ്ജിദ് വര്‍ഗീയവാദികള്‍ തകര്‍ത്തതില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വലിയ മനപ്രയാസമുണ്ടായിരുന്നില്ല. ഹിന്ദു വോട്ടിലായിരുന്നു അവരുടെ നോട്ടം. പള്ളി പോയാലെന്ത്, അധികാരം ഭദ്രമായല്ലോ എന്നവര്‍ ആശ്വസിച്ചു. പക്ഷേ ആ വോട്ടുകള്‍ മിക്കതും ബി ജെ പിയോ പ്രാദേശിക കക്ഷികളോ കൊണ്ടുപോയി. മുസ്‌ലിംകള്‍ കോണ്‍ഗ്രസ്സിനെ കൈയൊഴിഞ്ഞു. വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയായി അവര്‍ കോണ്‍ഗ്രസ്സിനെ കണ്ടു. കോണ്‍ഗ്രസ്സിന്റെ അടിത്തറയിളകി. ആ വിടവിലേക്ക് കയറിനില്‍ക്കാന്‍ മാത്രം രാഷ്ട്രീയാരോഗ്യമുണ്ടായിരുന്നില്ല സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക്. അവര്‍ തമ്മില്‍ത്തല്ലി കുലം മുടിച്ചു. അവസരം പാര്‍ത്തു കഴിയുകയായിരുന്നു ബി ജെ പി. അവര്‍ക്ക് വഴിയൊരുക്കാന്‍ ആര്‍ എസ് എസിന്റെ തലകള്‍ ഇരുന്നാലോചിക്കുന്നുണ്ടായിരുന്നു. ഗോളടിക്കാന്‍ കിട്ടിയ ഒരവസരവും അവര്‍ പാഴാക്കിയില്ല. ബാബരി മസ്ജിദ് തകര്‍ത്തതിനെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ ബി ജെ പിക്ക് സാധിച്ചു. അങ്ങനെയാണ് ആദ്യം വാജ്പയിയും പിന്നീട് മോദിയും ഡല്‍ഹി വാണത്. പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ്സാകട്ടെ യു പിയിലുള്‍പ്പെടെ പഴയ ശക്തി കേന്ദ്രങ്ങളിലെല്ലാം ഉപ്പുവെച്ച കലം കണക്കെ ദ്രവിച്ചുദ്രവിച്ചില്ലാതായി.

2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തുറുപ്പുചീട്ട് അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയായ രാമക്ഷേത്രമായിരിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. പ്രധാനമന്ത്രി തന്നെ അക്കാര്യം പറഞ്ഞിരിക്കുന്നു. ആ പ്രചാരണത്തെ എങ്ങനെ നേരിടും എന്നതില്‍ കോണ്‍ഗ്രസ്സിന് ഒരു വ്യക്തതയുമില്ല. കോണ്‍ഗ്രസ്സ് തുറന്നുകൊടുത്ത വാതിലിലൂടെയാണ് ബി ജെ പി അയോധ്യവഴി ഡല്‍ഹിയിലെത്തിയത്. “Rajiv opened the lock; saffron got the key’ എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ടോര്‍ക്കുക (നവംബര്‍ 10, 2019). ചരിത്രത്തിലെ ആ പാതകത്തിന് ഇനിയെത്രകാലം പിഴയൊടുക്കേണ്ടിവരും കോണ്‍ഗ്രസ്സ്? കോണ്‍ഗ്രസ്സിന്റെ ആവനാഴിയില്‍ ബി ജെ പിയെ നേരിടാന്‍ അസ്ത്രങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കാമെന്ന ആഗ്രഹം കൊണ്ട് മാത്രം ബി ജെ പിയെ തോല്‍പ്പിക്കാനാകില്ല. അതിന് കര്‍മ പദ്ധതികള്‍ വേണം, നേതാക്കള്‍ രാഷ്ട്രീയം സംസാരിക്കണം. സാഹചര്യവശാല്‍ അയോധ്യയില്‍ ബി ജെ പിയുടെ അജന്‍ഡകള്‍ക്ക് കൈയടിക്കുന്ന കോണ്‍ഗ്രസ്സിനെയാണ് നമ്മള്‍ കാണുന്നത്. പേര് മുഹബ്ബത്തിന്റെ കട എന്നാണെങ്കിലും അവിടെ കച്ചവടം ചെയ്യുന്നവര്‍ വിശ്വസ്തര്‍ ആണെന്ന് ജനത്തിന് തോന്നണ്ടേ? അതിനുള്ള എന്ത് പരിപാടിയാണ് കോണ്‍ഗ്രസ്സിന്റെ കൈയിലുള്ളത്?

അയോധ്യയിലെ രാമക്ഷേത്രം തിരഞ്ഞെടുപ്പ് അജന്‍ഡയാക്കാന്‍ ബി ജെ പി തീരുമാനിച്ചിരിക്കവെയാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് (മറ്റു പലര്‍ക്കുമെന്ന പോലെ) ക്ഷണം ലഭിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതില്‍ ഒരപാകവും തോന്നാത്തവരാണ് പ്രിയങ്കാ ഗാന്ധി മുതല്‍ കമല്‍നാഥ് വരെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍. അവിടെ ഒരു മുസ്‌ലിം പള്ളിയുണ്ടായിരുന്നു എന്ന് ഓര്‍ക്കാന്‍ പോലും അവര്‍ ഇഷ്ടപ്പെടുന്നില്ല. പള്ളി തകര്‍ത്ത് ക്ഷേത്രം നിര്‍മിക്കുന്നതിലെ അധാര്‍മികത ചൂണ്ടിക്കാണിക്കാന്‍ പോലും ഒരാളില്ല കോണ്‍ഗ്രസ്സ് ക്യാമ്പില്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാവുന്നൊരാള്‍ രാഹുല്‍ ഗാന്ധിയാണ്. പക്ഷേ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊതുധാരക്കൊപ്പം നിസ്സഹായനായി നില്‍ക്കുന്ന രാഹുലിനെയാണ് ഇപ്പോള്‍ കാണുന്നത്. ആ പൊതുധാരയാകട്ടെ ആര്‍ എസ് എസ് നിലപാടിനോട് തൊട്ടുരുമ്മി നില്‍ക്കുന്നതാണ്. അയോധ്യയില്‍ പള്ളി പൊളിച്ചിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങളുടെ ഭരണകാലത്ത് സാധിച്ചില്ലല്ലോ എന്ന മനോവിഷമമാണ് പല കോണ്‍ഗ്രസ്സ് നേതാക്കളുടെയും പ്രസ്താവനകളില്‍ തുളുമ്പുന്നത്! രാമക്ഷേത്ര വിഷയത്തില്‍ ആര്‍ എസ് എസിനെ തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന “മതേതര’ നേതാക്കള്‍.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെ ക്ഷണം ലഭിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. രാഷ്ട്രീയമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുക്കാന്‍ സി പി എം നേതൃത്വത്തിനു സാധിച്ചതു പോലെ എന്തുകൊണ്ട് പൊടുന്നനെ ഒരു തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ല എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. നേതാക്കളില്‍ പലരും മൃദുഹിന്ദുത്വ ലൈനിലാണ്. അതുകൊണ്ട് ഇതൊക്കെ പ്രതീക്ഷിക്കണം. പക്ഷേ, നമ്മള്‍ ചരിത്രം മറന്നുകൂടല്ലോ. ബാബരി മസ്ജിദ് മണ്ണോടു മണ്ണ് ചേര്‍ന്നത് കോണ്‍ഗ്രസ്സിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. ആ പിടിപ്പുകേട് ഇനി പാര്‍ട്ടി ആവര്‍ത്തിക്കരുത്. നാല് വോട്ടിന് വേണ്ടി ജി ബി പന്ത് എന്ന കോണ്‍ഗ്രസ്സ് നേതാവ് നടത്തിയ “കൈ’വിട്ട കളിയില്‍ നിന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പാഠമുള്‍ക്കൊള്ളണം. ജനാധിപത്യത്തോടും മതനിരപേക്ഷതയോടും ഇത്തിരിയെങ്കിലും ആഭിമുഖ്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുത്. അത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയായി മാറുമെന്നുറപ്പാണ്. അതിനുള്ള കുഴല്‍വിളി മുഴങ്ങിക്കഴിഞ്ഞു. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് അമ്പലം പണിതിരിക്കുന്നത്. അത് മറ്റേത് പാര്‍ട്ടി മറന്നാലും കോണ്‍ഗ്രസ്സ് മറക്കരുത്. കോണ്‍ഗ്രസ്സിന്റെ നിസ്സംഗതയിലാണ് അത് സംഭവിച്ചത്. അതില്‍ അല്‍പ്പമെങ്കിലും പശ്ചാത്താപം പാര്‍ട്ടിക്കുണ്ടെങ്കില്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ്സ് നിരസിക്കണം. രാമഭക്തി പ്രകടിപ്പിക്കാന്‍ അന്നുതന്നെ ക്ഷേത്രത്തില്‍ എത്തണമെന്നില്ലല്ലോ. ജനുവരി 22ന് ശേഷവും ക്ഷേത്രം അവിടെത്തന്നെയുണ്ടാകും. വിശ്വാസപരമായ താത്പര്യത്താല്‍ ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്നീടും അവസരമുണ്ട്. പക്ഷേ ഇപ്പോള്‍ ബി ജെ പി ഒരുക്കിയിരിക്കുന്ന കെണിയില്‍ ചെന്നുചാടിയാല്‍ തിരിച്ചുവരവ് ഒട്ടും എളുപ്പമാകില്ല. കോണ്‍ഗ്രസ്സിനെ വിറ്റ് കാശാക്കാനുള്ള മിടുക്കുണ്ട് ബി ജെ പിക്ക്. അതവര്‍ പലയിടത്തും തെളിയിച്ചതാണ്. അതിന് നിന്നുകൊടുക്കണോ എന്ന് കോണ്‍ഗ്രസ്സ് ഒരിക്കല്‍ കൂടി ആലോചിക്കട്ടെ. ഒരു വീഴ്ച കൂടി താങ്ങാനുള്ള കെല്‍പ്പില്ല കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ശരീരത്തിന്. അത് ഏറ്റവും നന്നായി അറിയുന്നത് ബി ജെ പിക്കാണ്. അവര്‍ ഗ്രൗണ്ടറിഞ്ഞു തന്നെയാണ് കളിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അത് മനസ്സിലാകുന്നുണ്ടോ ആവോ?

മറ്റൊരു നെഹ്റുവാകാന്‍ രാഹുല്‍ ഗാന്ധിക്കോ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കോ സാധിക്കില്ലായിരിക്കാം. പക്ഷേ മറ്റൊരു ജി ബി പന്തോ നരസിംഹ റാവുവോ ആകാതിരിക്കാനുള്ള രാഷ്ട്രീയമായ വകതിരിവ് ഇരുവരില്‍ നിന്നും ജനാധിപത്യവാദികള്‍ ഇക്കാലത്ത് പ്രതീക്ഷിക്കുന്നുണ്ട്.

Latest