Kerala
കോണ്‍ഗ്രസ് ചതിയന്‍മാരുടെ പാര്‍ട്ടി; കെ കരുണാകരന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണം: എ കെ ബാലന്‍
കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണം

പാലക്കാട് | കോണ്‍ഗ്രസ് ചതിയന്‍മാരുടെ പാര്‍ട്ടിയാണെന്ന പിതാവിന്റെ തിരിച്ചറിവ് ഉള്‍ക്കൊണ്ട് കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നു സി പി എം നേതാവ് എ കെ ബാലന്‍.
കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണം. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന് കെ കരുണാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മകനും അതേ അനുഭവമാണ് വന്നിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ സഹിക്കാവുന്നതിനും അപ്പുറം കരുണാകരന്റെ കുടുംബം ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്.
കെ കരുണാകരന്‍ രാജിവെച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ പകുതി ഗദ്ഗദത്തോടെയാണ് പറഞ്ഞത് ലോകത്ത് ഇങ്ങനെയൊരു ചതിയന്മാരുടെ പാര്‍ട്ടി ഇല്ലായെന്ന്. അത്തരമൊരു സാഹചര്യത്തില്‍ കരുണാകരന്‍ സങ്കടത്തോടെ പറഞ്ഞ കാര്യം ഓര്‍ത്ത് മുരളീധരന്‍ നിലപാട് പരിശോധിക്കണം.
കോണ്‍ഗ്രസിനുള്ളില്‍ നാറിയിട്ട് നിക്കണോയെന്ന് പരിശോധിക്കണം. അദ്ദേഹത്തെപ്പോലെ വ്യക്തിത്വമുള്ള ആള്‍ ഈ രൂപത്തിലുള്ള ചതിയില്‍പ്പെടാന്‍ പാടില്ല. കോണ്‍ഗ്രസില്‍ കത്തിന് അപ്പുറം ഞെട്ടിക്കുന്ന വിവരം പുറത്തു വരും.