Articles
കോണ്‍ഗ്രസ്സ് ജനങ്ങളുടെ വിളിക്കുത്തരം നല്‍കുന്നു
മതത്തിന്റെ പേരിലുള്ള ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ആയുസ്സിനിയെത്ര നാള്‍ എന്ന ചോദ്യം ഉയര്‍ത്തുന്ന ജനവിധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും അതിനു മുന്പുള്ള ഹിന്ദി- ഹിന്ദു ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിനും കൃത്യമായ സ്വാധീന ശക്തിയാകും. ബി ജെ പിയും കോണ്‍ഗ്രസ്സും ഈ ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സ്ട്രാറ്റജിയാണ് ഭാവി ഇന്ത്യയുടെ രാഷ്ട്രീയത്തെ നിര്‍വചിക്കാന്‍ പോകുന്നതെന്ന് തോന്നുന്നു.
ജനങ്ങള്‍ ജീവിക്കണമെന്ന്
അതിയായി ആഗ്രഹിക്കുന്ന ദിവസം,
കാലം അവരുടെ വിളിക്കുത്തരം നല്‍കും.
ഇരുട്ടുമാറി പുലരികള്‍ വരും;
ചങ്ങലകള്‍ പൊട്ടിച്ചിതറും
അബുല്‍ ഖാസിം അശ്ശാബി എന്ന തുണീഷ്യന്‍ കവിയുടെ വിഖ്യാതമായ വരികളാണിത്. കര്‍ണാടകയിലെ ജനങ്ങള്‍ അവരുടെ ജീവല്‍പ്രശ്നങ്ങളെ തിരിച്ചറിയുകയും ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത വേളയില്‍ അവരുടെ വിളിക്കുത്തരം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് വ്യവഹാരങ്ങളെ അതിസമര്‍ഥമായി നേരിട്ടുകൊണ്ടാണ് ബി ജെ പിയുടെ ദക്ഷിണേന്ത്യയിലെ ഏക കോട്ടയില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക് ഉയരുന്നത്. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ബി ജെ പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ വാഗ്ദാനത്തിന് കന്നഡിഗര്‍ നല്‍കുന്ന ഷോക്ക്ട്രീറ്റ്‌മെന്റായി ഈ നിയമസഭാ തിരഞ്ഞെടുപ്പ് മാറുന്നു. ഒടുവില്‍ ബി ജെ പി അധ്യക്ഷന്റെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ അധികാരം പിടിച്ചതുപോലെ കോണ്‍ഗ്രസ്സ് അധ്യക്ഷന്റെ സംസ്ഥാനത്തും കോണ്‍ഗ്രസ്സ് അധികാരത്തിലേറുന്നത് രാജ്യത്തിന് ചെറുതല്ലാത്ത സന്ദേശമാണ് നല്‍കുന്നത്. മതത്തിന്റെ പേരിലുള്ള ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ആയുസ്സിനിയെത്ര നാള്‍ എന്ന ചോദ്യം ഉയര്‍ത്തുന്ന ജനവിധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും അതിനുമുന്പുള്ള ഹിന്ദി- ഹിന്ദു ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിനും കൃത്യമായ സ്വാധീന ശക്തിയാകും. ബി ജെ പിയും കോണ്‍ഗ്രസ്സും ഈ ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സ്ട്രാറ്റജിയാണ് ഭാവി ഇന്ത്യയുടെ രാഷ്ട്രീയത്തെ നിര്‍വചിക്കാന്‍ പോകുന്നതെന്ന് തോന്നുന്നു.
അടിമുടി അഴിമതിയാരോപണങ്ങളില്‍ കുളിച്ചുനിന്ന സര്‍ക്കാറായിരുന്നു കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍. സര്‍ക്കാറിന്റെ പൊതുമരാമത്ത് പണികള്‍ക്കും സര്‍ക്കാറുദ്യോഗങ്ങള്‍ക്കും കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാറാണ് ബി ജെ പിയുടേതെന്ന വെളിപ്പെടുത്തലുകള്‍ ബൊമ്മൈ സര്‍ക്കാറിനെ തുടക്കം മുതലേ സമ്മര്‍ദത്തിലാഴ്ത്തിയിരുന്നു. കെ പി സി സി പ്രസിഡന്റായ ഡി കെ ശിവകുമാറിനെതിരെ കേന്ദ്ര ഏജന്‍സികളെ വെച്ച് നടത്തിയ നീക്കങ്ങള്‍ ബൊമ്മൈ സര്‍ക്കാറിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ക്കുള്ള തടയായില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുക കൂടി ചെയ്തു. ഡി കെ ശിവകുമാറിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതിന് ബി ജെ പിയുടെ വേട്ട കാരണമായി. മോദിക്ക് അഴിമതിയൊരു പ്രശ്നമേയല്ലെന്ന മുന്‍ ബി ജെ പി നേതാവും ജമ്മു കശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായ സത്യപാല്‍ മാലികിന്റെ ആരോപണം കൂടി അതിനുപിന്നാലെ വന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം കോണ്‍ഗ്രസ്സ് ഉയര്‍ത്തിയതും ഈ അഴിമതി ആരോപണങ്ങള്‍ തന്നെയായിരുന്നു.
എന്നാല്‍ ഭരണവിരുദ്ധ വികാരം സ്ഥിരം വര്‍ഗീയ കാര്‍ഡുകളിറക്കി മറികടക്കാമെന്ന് ബി ജെ പി കണക്കുകൂട്ടിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുതന്നെയാണ് ഹിജാബ് വിവാദവും ഹലാല്‍ വിവാദവും സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. തീരദേശ കര്‍ണാടകയില്‍ രൂഢമായ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൃത്യമായി അരങ്ങുവാഴുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് വേളകളില്‍ ടിപ്പു സുല്‍ത്താനെ കൊണ്ടുവന്ന് മുമ്പത്തേതിനേക്കാള്‍ വികൃതമായി ഭീകരവത്കരിക്കാന്‍ ബി ജെ പിയുടെ താര പ്രചാരകര്‍ ശ്രദ്ധിച്ചു. ടിപ്പുവിനെ വധിച്ചത് ബ്രിട്ടീഷുകാരല്ലെന്നും കൊടവ ഹിന്ദു സമുദായത്തിലെ രണ്ട് പോരാളികളാണെന്നുമുള്ള വ്യാജ വ്യവഹാരങ്ങള്‍ തുറന്നുവിട്ടു. ‘മത ഭ്രാന്തനായ സുല്‍ത്താന്റെ കഥ- ടിപ്പു’ എന്ന ഒരു ചിത്രം ഇതിനിടെ അനൗണ്‍സ് ചെയ്യപ്പെട്ടു. കേരളത്തില്‍ വ്യാപകമായ മതപരിവര്‍ത്തനവും ലവ് ജിഹാദും ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റും നടക്കുന്നു എന്ന് നുണ പറയുന്ന ‘ദി കേരള സ്റ്റോറി’യുടെ റിലീസും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ തന്നെ ഒപ്പിച്ചു. പ്രധാനമന്ത്രി തന്നെ ചിത്രത്തെ മുന്‍നിര്‍ത്തി പ്രചാരണങ്ങള്‍ കൊഴുപ്പിച്ചു. എന്നാല്‍ ഇവയെല്ലാം കര്‍ണാടകയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഒരുവേള ഹിജാബ്- ഹലാല്‍ പോലുള്ള വിവാദങ്ങള്‍ ആനാവശ്യമായിരുന്നു എന്ന് യെദിയൂരപ്പ പോലും പറയുന്ന സാഹചര്യം ഉണ്ടായത് ഇത്തരം കാര്‍ഡുകള്‍ പാര്‍ട്ടിയുടെ പതനം തടയില്ലെന്ന വൈകിയുദിച്ച തിരിച്ചറിവിനാലാകണം. ഹിജാബ് നിരോധനം രാഷ്ട്രീയമായി ഉപയോഗിച്ച ബി ജെ പിക്കെതിരെ ഹിജാബ് ധരിച്ച കനീസ് ഫാത്വിമക്ക് സീറ്റ് നല്‍കി, അവരെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച ആര്‍ജവം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പോപുലര്‍ ഫ്രണ്ട് നിരോധനത്തെ അടിവരയിട്ട കോണ്‍ഗ്രസ്സ് സമാനമായ തീവ്ര സംഘടന എന്ന നിലക്ക് ബജ്്‌റംഗ്്ദളിനെ കൂടി സംസ്ഥാനത്ത് നിരോധിക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞതെടുത്ത് ഹനുമാന്‍ ദേവനെ കോണ്‍ഗ്രസ്സ് അപമാനിച്ചു എന്ന രീതിയിലുള്ള പ്രചാരണങ്ങളില്‍ ബി ജെ പി കുറെയധികം സമയം ചെലവഴിച്ചു. ബജ്്‌റംഗ് ബലിയും ബജ്്‌റംഗ് ദളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ദൈവങ്ങളെ വലിച്ചിഴച്ചുള്ള ഇലക്്ഷന്‍ പ്രചാരണത്തിന് സ്ഥിരമായി മേല്‍ക്കോയ്മ നേടുന്ന ബി ജെ പി തന്ത്രം ഇനി നടപ്പില്ലെന്നും കോണ്‍ഗ്രസ്സ് തിരിച്ചടിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ക്കും ഗ്രാന്റ് നല്‍കുന്നത് ആലോചിക്കുമെന്നും ഹനുമാനെ അപമാനിക്കുന്ന സംഘടനയാണ് ബജ്്‌റംഗ് ദള്‍ എന്നും കോണ്‍ഗ്രസ്സ് കൂട്ടിച്ചേര്‍ത്തു. അതേ സമയത്തുതന്നെ ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനും ബി ജെ പി. എം പിയുമായ ബ്രിജ് ഭൂഷണെതിരെയുള്ള ഒളിമ്പിക്സ് ജേതാക്കളായ ഗുസ്തി താരങ്ങളുടെ സമരത്തെ ബി ജെ പി അവഗണിച്ചതും കോണ്‍ഗ്രസ്സ് ഇവിടെ ചര്‍ച്ചയാക്കി. ഒടുവില്‍ ശ്രീരാമനും ബജ്്‌റംഗ് ബലിയും ബി ജെ പിക്ക് ‘സഹായ’ത്തിനില്ലാത്ത അവസ്ഥയായി.
മണിപ്പൂരിലെ ആഭ്യന്തര പ്രശ്നനങ്ങളും ബി ജെ പിക്ക് വിനയായി. കോണ്‍ഗ്രസ്സ് ജയിച്ചാല്‍ സംസ്ഥാനത്ത് കലാപങ്ങള്‍ ഉണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണം വിവാദച്ചുഴിയിലായ സമയത്തായിരുന്നു നോര്‍ത്ത് ഈസ്റ്റിലെ മണിപ്പൂര്‍ പ്രതിസന്ധി. ബി ജെ പിയുടെ ഡബിള്‍ എന്‍ജിനും പുരോഗതി വാഗ്ദാനങ്ങളും പൊള്ളയാണെന്നും ബി ജെ പി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളുടെ സ്ഥിതിയെന്താണെന്ന് മണിപ്പൂര്‍ പറഞ്ഞുതരുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ തുറന്നടിച്ചു. അമിത്ഷാക്ക് പുറമെ, യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മയും നേതൃത്വം നല്‍കിയ, വര്‍ഗീയത അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങള്‍ ഒന്നും ഫലിക്കുന്നില്ലെന്ന പ്രതീതി ഉടലെടുത്തു. ഒന്നിന് പിറകെ ഒന്നായി വന്ന വര്‍ഗീയ കാര്‍ഡുകളെല്ലാം നനഞ്ഞുകീറിപ്പോയ സ്ഥിതിയായി. അവസാന ലാപ്പില്‍ പ്രധാനമന്ത്രി നടത്തിയ റോഡ്‌ഷോകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി ജെ പിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്ന് കരുതിയതും വെറുതെയായി. സുദീര്‍ഘമായ പ്രധാനമന്ത്രിയുടെ റോഡ് ഷോകള്‍ ബി ജെ പിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, പ്രധാനമന്ത്രിയുടെ പ്രചാരണവും ജനപ്രീതിയും ചോദ്യചിഹ്നമായി മാറുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തിരിക്കുന്നു.
നേരത്തേ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്സ് ഗോദയില്‍ സജീവമായിരുന്നു. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ കര്‍ണാടക ഘട്ടം തന്നെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായി കാണാനും ഒരുങ്ങാനും പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ശ്രമിക്കുകയും ചെയ്തു. ഭാരത് ജോഡോ യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ്സ് വലിയ മുന്നേറ്റവുമുണ്ടാക്കി. ഡി കെ ശിവകുമാറിന്റെ കൈയില്‍ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചാണ് എ ഐ സി സി തിരഞ്ഞെടുപ്പിന്റെ സ്ട്രാറ്റജി തയ്യാറാക്കിയത്. സിദ്ധരാമയ്യ ജനകീയ മുഖമായി നിലകൊള്ളുകയും ചെയ്തു. ലോക്‌സഭാ മണ്ഡലങ്ങള്‍ തിരിച്ച് എം പിമാര്‍ക്കും നിയമസഭാ സീറ്റുകള്‍ തിരിച്ച് എം എല്‍ എമാര്‍ക്കും ഉത്തരവാദിത്വം നല്‍കിയാണ് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ പടലപ്പിണക്കങ്ങള്‍ ഇല്ലാതെയാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതെങ്കില്‍ ബി ജെ പിക്ക് എല്ലാ ഘട്ടത്തിലും കല്ലുകടിയായിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സ് പാളയത്തിലെത്തിയ കാഴ്ചകളും കന്നഡ ദേശം കണ്ടു. തിരഞ്ഞെടുപ്പില്‍ ഷെട്ടാര്‍ പരാജയപ്പെട്ടെങ്കിലും ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കെത്താന്‍ ചെറിയ തോതിലെങ്കിലും ഷെട്ടാറിന്റെ സാനിധ്യം കോണ്‍ഗ്രസ്സിന് തുണയായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ലിംഗായത്ത് വോട്ടുകള്‍ക്ക് പുറമേ വൊക്കലിംഗ വോട്ടുകളിലേക്കും കോണ്‍ഗ്രസ്സ് ഇരച്ചുകയറി. ഇത് ബി ജെ പിക്കും ജെ ഡി എസിനും വലിയ നഷ്ടങ്ങളാണുണ്ടാക്കിയത്. മൈസൂരുദേശത്തെ ജെ ഡി എസ് പ്രതാപം കോണ്‍ഗ്രസ്സ് ഏതാണ്ട് അവസാനിപ്പിച്ചു. 2018ലേതുപോലെ കിംഗ് മേക്കറാവുമെന്ന് കരുതിയ കുമാരസ്വാമി ഇനി കാഴ്ചക്കാരന്‍ മാത്രമാകും. പരസഹായമില്ലാതെ ഭരിക്കാന്‍ പോന്ന ഭൂരിപക്ഷം ഉറപ്പാക്കിയതിനാല്‍ കോണ്‍ഗ്രസിന് ജെ ഡി എസിനെ ആവശ്യമായി വരില്ല. ദയനീയ പരാജയമേറ്റുവാങ്ങിയ സ്ഥിതിക്ക് ബി ജെ പിക്കും അവരെകൊണ്ട് ഉപകാരമുണ്ടാവാനിടയില്ല. തീരദേശ മേഖലയൊഴിച്ച് മറ്റെല്ലായിടത്തും കോണ്‍ഗ്രസ്സ് ബി ജെ പിയെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. കിട്ടൂര്‍ കര്‍ണാടകയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബി ജെ പി ഹൈദരാബാദ് കര്‍ണാടകയില്‍ കണക്കുകൂട്ടിയ തിരിച്ചടി ഏറ്റുവാങ്ങുന്നതായിരുന്നു കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബി ജെ പിയുടെ താരപ്രചാരകരേക്കാള്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ ലക്ഷ്യം കണ്ടു എന്ന കണക്കുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി വീണ്ടും അവഗണിക്കാന്‍ കഴിയാത്ത നേതാവായി തുടരുന്നു എന്നത് ദേശീയ മാധ്യമങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമര്‍ശകരും സമ്മതിക്കേണ്ടി വരും.
കര്‍ണാടകയിലെ വിജയം ഉറപ്പിച്ച വേളയില്‍ 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത് കര്‍ണാടകയിലെ വെറുപ്പിന്റെ കമ്പോളങ്ങള്‍ അടച്ച് സ്നേഹത്തിന്റെ കടകള്‍ തുറന്നുകഴിഞ്ഞു എന്നാണ്. ഇതൊരു വലിയ സന്ദേശമാണ്. വ്യക്തിപരമായി രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ്സിനും വലിയ ആത്മവിശ്വാസവും നേട്ടവുമാണ് ഈ വിജയം. ദക്ഷിണേന്ത്യയില്‍ നിന്ന് ബി ജെ പി അകറ്റിനിര്‍ത്തപ്പെടുന്നു എന്നതിനപ്പുറം ബി ജെ പിയെ പരാജയപ്പെടുത്താമെന്ന്, മോദിയുടെ പ്രഭാവത്തെ മറികടക്കാമെന്ന്, വര്‍ഗീയതയുടെ രാഷ്ട്രീയത്തെ ചെറുക്കാമെന്നൊക്കെയുള്ള ഏറെ പ്രതീക്ഷകള്‍ പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് ആത്മിവിശ്വാസം നല്‍കുമെന്നും ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കര്‍ണാടക നാന്ദിയാകുമെന്നും കരുതാം.