National
കോണ്‍ഗ്രസ് തുരുമ്പ് പിടിച്ച ഇരുമ്പിന് സമാനം; വനിതാ സംവരണ ബില്ലിനെ പിന്തുണച്ചത് നിവൃത്തിയില്ലാതെ; രൂക്ഷ വിമര്‍ശവുമായി മോദി
കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിച്ചാല്‍ സംസ്ഥാന നിയമസഭകളിലെ 33 ശതമാനം സംവരണം അവര്‍ അട്ടിമറിക്കുമെന്നും മോദി
ഭോപ്പാല്‍ | വനിത സംവരണ ബില്ലിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണ് അവര്‍ ബില്ലിനെ പിന്തുണച്ചത്. സ്ത്രീശക്തിയെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും മോദി ആരോപിച്ചു. ദ്രൗപദി മുര്‍മു രാഷ്ട്രപതിയാകുന്നത് തടഞ്ഞതും അവരെ അവഹേളിക്കുന്നതും പ്രതിപക്ഷമാണ്. കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിച്ചാല്‍ സംസ്ഥാന നിയമസഭകളിലെ 33 ശതമാനം സംവരണം അവര്‍ അട്ടിമറിക്കുമെന്നും മോദി പറഞ്ഞു. മധ്യപ്രദേശില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്.
തുരുമ്പ് പിടിച്ച ഇരുമ്പിന് സമാനമാണ് കോണ്‍ഗ്രസ് ഇന്ന്. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ മധ്യപ്രദേശ് രോഗാവസ്ഥയിലാകും .കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാവപ്പെട്ടവരുടെ ജീവിതം അഡൈ്വഞ്ചര്‍ ടൂറിസമാണ്. പാവപ്പെട്ടവരുടെ വീട് വിനോദസഞ്ചാരത്തിനുള്ള ഇടവും വീഡിയോ ഷൂട്ടിനുള്ള സ്ഥലവുമാണ്. കോടികളുടെ അഴിമതിയും വോട്ട് ബേങ്ക് പ്രീണനത്തിന്റെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാജ്യം അതിവേഗം വികസനത്തിലേക്ക് കുതിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാജ്യത്തെ ഇരുപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് അഴിമതിയിലൂടെ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ത്തതായും മോദി ആരോപിച്ചു