Connect with us

shashi tharoor

തരൂരിൽ വലഞ്ഞ് കോൺഗ്രസ്സ്; ഉന്നം മുഖ്യമന്ത്രി പദം

തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ ജനപങ്കാളിത്തം വർധിച്ചത് അദ്ദേഹത്തിന് തടയിടാനൊരുങ്ങിയ നേതാക്കൾക്ക് തിരിച്ചടിയായി.

Published

|

Last Updated

കോഴിക്കോട് | ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിൽ തുടങ്ങിയ വിവാദം കോൺഗ്രസ്സിനെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ച് പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കുന്നു.
മലബാർ പര്യടനം എന്ന രീതിയിൽ അപ്രതീക്ഷിതമായി തരൂർ രംഗപ്രവേശം ചെയ്തതോടെ ഒരു വിഭാഗം നേതാക്കളിലുയർന്ന ആശങ്കയാണ് വിലക്കിന് കാരണമെന്ന് വ്യക്തമായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ തരൂർ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള ചർച്ചകൾ ആശങ്കക്ക് ആക്കം കൂട്ടി.

തരൂരിന്റെ ഒഴുക്കിന് തുടക്കത്തിൽ തന്നെ തടയിടണമെന്ന അഭിപ്രായമുയർന്നു. തുടർന്ന് അദ്ദേഹം പങ്കെടുക്കുന്ന സെമിനാറിന്റെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ്സിനെ പിൻവലിപ്പിക്കുന്നതിൽ കലാശിച്ചു. ഇന്നലെ മുൻ കെ പി സി സി പ്രസിഡന്റ് കൂടിയായ കെ മുരളീധരൻ ഇക്കാര്യം തുറന്നടിച്ചതോടെ വിവാദം ആളിക്കത്തുന്ന അവസ്ഥയിലായി. മുഖ്യമന്ത്രിക്കുപ്പായമാണ് തരൂരിന്റെ വിലക്കിന് പിന്നിലെന്നായിരുന്നു മുരളിയുടെ പ്രസ്താവന.
വിഷയത്തിൽ മധ്യസ്ഥന്റെ റോളിലെത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും തരൂരിനൊപ്പമെന്ന് വ്യക്തം. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്, മുരളി ഉന്നം വെക്കുന്നത് ആരെയെന്ന് വ്യക്തമാക്കുന്നതായി മാറി.
കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തരൂർ പ്രശ്നത്തിൽ സതീശന്റെ കൂടെയാണെന്നാണ് വിവരം.

അതേസമയം, വിവാദം മുറുകിയതോടെ തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ ജനപങ്കാളിത്തം വർധിച്ചത് അദ്ദേഹത്തിന് തടയിടാനൊരുങ്ങിയ നേതാക്കൾക്ക് തിരിച്ചടിയായി.
എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഘട്ടത്തിൽ എം കെ രാഘവൻ എം പിയായിരുന്നു തരൂരിന് പൂർണ പിന്തുണ നൽകിയിരുന്നത്. എന്നാൽ നിലവിൽ കെ മുരളീധരനെ കൂടാതെ യൂത്ത് കോൺഗ്രസ്സിലെ നല്ലൊരു വിഭാഗവും തരൂരിനൊപ്പം പരസ്യമായി രംഗത്തുണ്ട്.
കാറ്റ് ഏത് രീതിയിൽ മാറി മറിയുമെന്ന് കണ്ടറിഞ്ഞ ശേഷം തരൂരിനെ പിന്തുണക്കാൻ കാത്തിരിക്കുന്നവർ വേറെയുമുണ്ട്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജന. സെക്രട്ടറി വി പി ദുൽഖിഫിൽ എന്നിവർ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്സ് സംഘാടനത്തിൽ നിന്ന് പിൻമാറിയ സെമിനാറിൽ തരൂരിനൊപ്പം കോഴിക്കോട്ട് പങ്കെടുത്ത് പിന്തുണ അറിയിച്ചു.

ഇന്ന് മലപ്പുറത്ത് പര്യടനത്തിനെത്തുന്ന തരൂർ രാവിലെ ജില്ലാ കോൺഗ്രസ്സ് ഓഫീസിലെത്തുമെന്ന് പ്രസിഡന്റ് വി എസ് ജോയ് അറിയിച്ചു. നാളെ കണ്ണൂരിലെത്തുന്ന അദ്ദേഹത്തിന് മികച്ച സ്വീകരണമൊരുക്കുമെന്ന് കണ്ണൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ റിജിൽ മാക്കുറ്റി സിറാജിനോട് പറഞ്ഞു. യുവനിരയെ ഒപ്പം നിർത്തി മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെയും സമുദായ സംഘടനകളുടെയും പിന്തുണ ഉറപ്പിക്കുകയെന്ന തന്ത്രം വിജയിച്ചാൽ സ്വന്തം പാളയത്തിൽ നിന്നുള്ള കടുത്ത എതിർപ്പിന് പ്രസക്തിയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് തരൂർ.

---- facebook comment plugin here -----

Latest