Connect with us

Kerala

കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ സതീഷും പത്മിനി തോമസും അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു

സതീഷിനൊപ്പം ഉദയകുമാറും പൂന്തുറ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പീറ്റര്‍ സോളമനും ബിജെപിയില്‍ ചേര്‍ന്നു. പത്മിനി തോമസിനൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയില്‍ ചേര്‍ന്നു.

Published

|

Last Updated

തിരുവനന്തപുരം|പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ സതീഷും പത്മിനി തോമസും അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും സംസ്ഥാന അധ്യക്ഷനുമുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. സതീഷിനൊപ്പം ഉദയകുമാറും പൂന്തുറ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പീറ്റര്‍ സോളമനും ബിജെപിയില്‍ ചേര്‍ന്നു. പത്മിനി തോമസിനൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നുവെന്നും പത്മിനി തോമസ് പ്രതികരിച്ചിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ആയിരുന്ന പത്മിനി തോമസ് കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബി ജെ പിയില്‍ ചേരുമെന്ന് ഇന്നലെ ബി ജെ പി നേതൃത്വം അറിയിച്ചിരുന്നു. പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ ആഘാതമായിരിക്കെയാണ് കൂടുതല്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

 

 

 

 

Latest