Connect with us

Kerala

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് കൈയ്യൊഴിഞ്ഞേക്കും

കാര്യങ്ങള്‍ ഡി സി സി പ്രസിഡന്റ് വി എസ് ജോയിക്ക് അനുകൂലമാവുന്നു

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ആര്യാന്‍ ഷൗക്കത്തിനെ കൈയ്യൊഴിയുന്നതിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നു. ഷൗക്കത്തിന് മറ്റ് വാഗ്ദാനങ്ങള്‍ നല്‍കി പിന്‍മാറ്റാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ തനിക്ക് ക്ലെയിം ഉണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനും തന്നെ അനുകൂലിക്കുന്നവരെ രംഗത്തിറക്കി തീരുമാനം അനുകൂലമാക്കാനുമുള്ള ശ്രമങ്ങള്‍ ഷൗക്കത്ത് ക്യാമ്പിലും ശക്തമായി നടക്കുകയാണ്. മുസ്്‌ലിം ലീഗിന്റെ പിന്‍തുണ ആര്‍ജിക്കാനുള്ള ശ്രമവും ഷൗക്കത്ത് നടത്തുന്നുണ്ട്.

പി വി അന്‍വര്‍ ആദ്യമെ പ്രഖ്യാപിച്ച ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെ തന്നെ രംഗത്തിറക്കുന്നതിലേക്കാണ് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്. അന്‍വറിനു പുറമെ മറ്റ് ചില സംഘടനകള്‍ക്കും ആര്യാടന്‍ ഷൗക്കത്തിനോട് എതിര്‍പ്പുണ്ടെന്നകാര്യം വിലയിരുത്തിയ യു ഡി എഫ് നേതൃത്വം ഇക്കാര്യം ഷൗക്കത്തിനെ ബോധ്യപ്പെടുത്താന്‍ ഉന്നത നേതാക്കളെ രംഗത്തിറക്കും. പാര്‍ട്ടിയുടെ മുഖം വികൃതമാക്കാന്‍ നേതൃത്വം നല്‍കരുത് എന്ന കാര്യം അന്‍വറിനെ ബോധ്യപ്പെടുത്താന്‍ ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കിയേക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ സ്ഥാനാര്‍ഥിത്വം കൈവിട്ടുപോയാല്‍ തന്റെ പിതാവ് കൈവശം വച്ചിരുന്ന മണ്ഡലത്തില്‍ താന്‍ ആരുമല്ലാതാകുമെന്നതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ഷൗക്കത്ത് ഒരുങ്ങുന്നത്.

കഴിഞ്ഞതവണ ആര്യാടന്‍ ഷൗക്കത്തിന്റെ എതിര്‍പ്പ് ഉണ്ടായിട്ടും യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിന് വിജയത്തിന്റെ അടുത്തുവരെ എത്താനായത് ജോയിക്ക് അനുകൂല ഘടകമായാണ് പാര്‍ട്ടി അവതരിപ്പിക്കുക. ഇത്തവണ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ യു ഡി എഫ് വോട്ട് ചോരുമെന്ന് വിവിധ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കള്‍ നിഗമനത്തിലെത്തിക്കഴിഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി വി അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങരുതെന്നാണ് ഷൗക്കത്തിനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പിനു മുമ്പ് യു ഡി എഫില്‍ എടുക്കണം എന്നതടക്കം ശക്തമായ സമ്മര്‍ദ്ദവുമായി അന്‍വര്‍ നിലയുറപ്പിച്ചതിനാല്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളി നേരിടുകയാണ്. മുന്നണിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അന്‍വര്‍ പാര്‍ട്ടിക്ക് തലവേദനയാവുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മുസ്ലീം ലീഗ് ശക്തമായ അതൃപ്തി അറിയിച്ചിട്ടുമുണ്ട്.

Latest